ലക്‌നൗ: ജ്ഞാൻവാപിയിൽ സർവ്വേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പുരാവസ്തു വകുപ്പിന് കൂടുതൽ സമയം അനുവദിച്ച് കോടതി. പുരാവസ്തുവകുപ്പിന്റെ ആവശ്യം അംഗീകരിച്ചായിരുന്നു വാരാണസി ജില്ലാ കോടതി അധിക സമയം അനുവദിച്ചത്. പരിശോധന പൂർത്തിയാക്കി ഈ മാസം 17 ന് റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചു.
ജ്ഞാൻവാപിയിൽ ഇതിനോടകം തന്നെ പുരാവസ്തുവകുപ്പ് പരിശോധന പൂർത്തിയാക്കി. എന്നാൽ പരിശോധനയ്ക്കായി ഉപയോഗിച്ച ഉപകരണങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇതേ തുടർന്ന് അധിക സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ജില്ലാ ജഡ്ജി എ.കെ വിശ്വേഷാണ് ഹർജി പരിഗണിച്ചത്. നേരത്തെ നൽകിയ നിർദ്ദേശ പ്രകാരം അടുത്ത ദിവസങ്ങളിലാണ് വിശദമായ റിപ്പോർട്ട് പുരാവസ്തുവകുപ്പിന് സമർപ്പിക്കേണ്ടത്.
ഓഗസ്റ്റിലാണ് ജ്ഞാൻവാപിയിൽ പുരാവസ്തു വകുപ്പ് പരിശോധന ആരംഭിച്ചത്. സർവ്വേ ആവശ്യപ്പെട്ട് ജൂലൈയിൽ ഹിന്ദു വിഭാഗം നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി അംഗീകരിക്കുകയും അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് സർവ്വേ ആരംഭിക്കാൻ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി എങ്കിലും എതിർഭാഗമായ മസ്ജിദ് കമ്മിറ്റി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഓഗസ്റ്റിലേക്ക് സർവ്വേ നീണ്ടത്. ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.
Discussion about this post