ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ച് ഓൺലൈനിലൂടെ വിൽപ്പന നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡൽഹി സ്വദേശിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
രാവിലെയോടെയായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും അറസ്റ്റിലായ ആളിൽ നിന്നും പോലീസ് തേടുന്നുണ്ട്.
സംഭവത്തിൽ കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷൻ ഡൽഹി പോലീസിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295ാം വകുപ്പും, ഐടി നിയമത്തിലെ 67 എ എന്നീ വകുപ്പും ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ഹിന്ദു വിശ്വാസികൾ സംഭവത്തിൽ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Discussion about this post