ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി നേതാവും എംപിയുമായ രാഘവ് ചദ്ദ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനെ നേരിട്ട് കണ്ട് സഭയിലെ പെരുമാറ്റത്തില്‍ മാപ്പ് പറയണമെന്ന് നിര്‍ദ്ദേശവുമായി സുപ്രീം കോടതി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 11നാണ് രാഘവിനെ രാജ്യസഭയില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. നിര്‍ദ്ദിഷ്ട സെലക്ട് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നതിന് മുമ്പ് ചില എംപിമാരില്‍ നിന്ന് അനുമതി വാങ്ങിയില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ രാഘവ് ഛദ്ദയുടെ ക്ഷമാപണം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുന്നോട്ടുള്ള വഴി കണ്ടെത്താന്‍ ശ്രമിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം, എഎപി എംപി ആദ്യമായാണ് പാര്‍ലമെന്റേറിയനാകുന്നതെന്നും രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണെന്നും സിജെഐ ചൂണ്ടിക്കാട്ടി.
കൂടാതെ ഇന്ന് എത്തിക്സ് പാനല്‍ യോഗം ചേരുന്നുണ്ടെന്നും കേസില്‍ ചില പുരോഗതികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസ് ദീവാലിക്ക് ശേഷം പരിഗണിക്കുമെന്നും അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു.
Discussion about this post