ന്യൂഡൽഹി/ തിരുവനന്തപുരം: ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കും. ഇതിനായി സുപ്രീംകോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് അനുമതി നൽകി. ഏലയ്ക്കയിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി അരവണയുടെ വിൽപ്പന തടഞ്ഞിരുന്നു. ഇതേ തുടർന്നാണ് കോടികളുടെ അരവണ ശബരിമലയിൽ തന്നെ സൂക്ഷിച്ചത്.
സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സഹകരിച്ച് അരവണ നശിപ്പിക്കേണ്ടത് എന്ന് സുപ്രീംകോടതി നിർദ്ദേശം നൽകി. എങ്ങനെ നശിപ്പിക്കണം എന്നകാര്യം ഇരു വിഭാഗങ്ങൾക്കും തീരുമാനിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അരവണയുടെ വിൽപ്പന തടഞ്ഞ ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായ വിമർശിക്കുകയും ചെയ്തു.
6.65 ലക്ഷം ടൺ അരവണയാണ് നിലവിൽ ശബരിമലയിൽ കെട്ടിക്കിടക്കുന്നത്. ഇതുവഴി ഏഴ് കോടിയുടെ നഷ്ടമാണ് ഉണ്ടായത് എന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനായി സീനിയർ അഭിഭാഷകൻ വി. ഗിരിയും, അഭിഭാഷകൻ പി.എസ് സുധീറുമാണ് സുപ്രീംകോടതിയിൽ ഹാജരായത്.
ജനുവരിയിലാണ് ഏലയ്ക്കയിൽ വിഷാംശം അടങ്ങിയെന്ന കണ്ടെത്തലിനെ തുടർന്ന് ഹൈക്കോടതി അരവണയുടെ വിൽപ്പന തടഞ്ഞത്. ഇതിന് പിന്നാലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അരവണ പരിശോധിക്കുകയും ഭക്ഷ്യയോഗ്യമാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ അരവണ ഉണ്ടാക്കി രണ്ട് മാസം കഴിഞ്ഞതിനാൽ ദേവസ്വം ബോർഡ് ഭക്തർക്ക് നൽകേണ്ട എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
Discussion about this post