ന്യൂഡൽഹി: ഇസ്രായേൽ ഹമാസ് സംഘർഷം ചർച്ചചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും. ഫോണിലൂടെയായിരുന്നു ഇരു നേതാക്കളും തമ്മിൽ വിഷയം ചർച്ചചെയ്തത്. ഭീകരവാദത്തെ തുടർന്ന് സുരക്ഷാ സാഹചര്യങ്ങൾ വഷളാകുന്നതും, യുദ്ധത്തിൽ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും ഇരു നേതാക്കളും ആശങ്ക രേഖപ്പെടുത്തി.
ഭീകരവാദത്തെ തുടർന്ന് മോശമായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങൾ, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നീ വിഷയങ്ങളിൽ അഗാധമായ ഉത്കണ്ഠയാണ് ഇരു നേതാക്കളും രേഖപ്പെടുത്തിയത് . പ്രാദേശിക സമാധാനം, സുരക്ഷ, തുടർ മാനുഷിക സഹായം എന്നിവയുടെ ആവശ്യകതയിലും ഇരു നേതാക്കളും അഭിപ്രായം രേഖപ്പെടുത്തി. സംസാരത്തിനിടെ പ്രധാനമന്ത്രി പദത്തിൽ ഔദ്യോഗികമായി ഒരു വർഷം പൂർത്തിയാക്കിയ സുനക്കിനെ മോദി അഭിനന്ദിച്ചു. ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതിയെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.
“ഇന്ന് വൈകുന്നേരം യുകെ പ്രധാനമന്ത്രി ഋഷി സുനക്കുമായി സംസാരിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരു രാജ്യങ്ങളും കൈമാറി. ഭീകരതയ്ക്കും അക്രമത്തിനും സ്ഥാനമില്ലെന്ന് ഞങ്ങൾ സമ്മതിക്കുന്നു.” പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
“സിവിലിയൻമാരുടെ മരണം ഗുരുതരമായ ആശങ്കയാണ്. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത, തുടർച്ചയായ മാനുഷിക സഹായം എന്നിവയ്ക്കായി പ്രവർത്തിക്കേണ്ടതുണ്ട്.” വ്യാപാരം, നിക്ഷേപം, വളർന്നുവരുന്ന സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സമഗ്രമായ തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും തുടരുന്നതിനും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ഇരു നേതാക്കളും ആവർത്തിച്ചതായി വിദേശകാര്യ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
Discussion about this post