കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരണം നൂറ് കടന്നു. ഇതുവരെ 128 പേരാണ് ഭൂചലനത്തിൽ മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഉയർന്നേക്കാം. 140 പേർക്കാണ് പരിക്കേറ്റത്.
ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുന്നുണ്ട്. മൂന്ന് സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
പടിഞ്ഞാറൻ നേപ്പാളിലെ ജജാർക്കോട്ട്, റുക്കും എന്നീ ജില്ലകളിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു ഉണ്ടായത്. അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ജജർക്കോട്ടിലെ ലാമിദാന്ദയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം .
ഭൂചലനത്തിൽ കെട്ടിടങ്ങൾ നിലംപൊത്തി. ഭൂചലനത്തിന്റെ പ്രകമ്പനം ദൈലേക്, സല്യാൺ, റോൽപ എന്നീ ജില്ലകളിലും അനുഭവപ്പെട്ടിരുന്നു. ഇവിടങ്ങളിലും വ്യാപക നാശനഷ്ടം ആണ് ഉണ്ടായത്. ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസം മൂന്നിനും നേപ്പാളിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു അനുഭവപ്പെട്ടത്. ഇതിന്റെ നടുക്കം മാറുന്നതിനിടെയാണ് മറ്റൊരു ഭൂചലനം കൂടി ഉണ്ടായിരിക്കുന്നത്.
അതേസമയം പുഷ്പ കമൽ ദഹൽ ഭൂചലനമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കും.
Discussion about this post