ന്യൂഡൽഹി : ഭീകരതയ്ക്കും രാജ്യവിരുദ്ധതയ്ക്കും ഫണ്ട് നൽകുന്നവരാണ് കോൺഗ്രസിന്റെ പങ്കാളികളെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ബെറ്റിംഗ് ആപ്പ് പ്രമോട്ടർമാരിൽ നിന്ന് 508 കോടി രൂപ കൈപ്പറ്റിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇന്ത്യയിൽ വാതുവെപ്പ് നിയമവിരുദ്ധമാണ്.കോൺഗ്രസ് രാജ്യവിരുദ്ധർക്ക് കുടപിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭൂപേഷ് ബാഗൽ ബെറ്റിംഗ് ആപ്പ് പ്രമോട്ടർമാരിൽ നിന്ന് 508 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.വാതുവെപ്പ് ആപ്പുകൾ വഴി കള്ളപ്പണം വെളുപ്പിക്കലാണ് നടക്കുന്നത്. അതിൽ കോൺഗ്രസും പങ്കാളികളാണ്. കാലാകാലങ്ങളായി കൊള്ളയാണ് കോൺഗ്രസ് രാജ്യത്തു നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിതന്നെ ഇത് ചെയ്യുന്നത് വളരെ ലജ്ജാകരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഇഡി നടത്തിയ റെയ്ഡിൽ, മഹാദേവ് ബുക്ക് ഓൺലൈൻ ബെറ്റിംഗ് ആപ്പ് പ്രമോട്ടർമാരിൽ നിന്നുമാണ് പണം കൈപ്പറ്റിയതെന്ന വിവരം ലഭിച്ചിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും വാഹനത്തിൽ നിന്നും 5.39 കോടി രൂപ പിടിച്ചിരുന്നു. അസിം ദാസ് ആണ് പണവുമായി പിടിയിലായത്. ബാഗേൽ എന്ന പ്രമുഖ രാഷ്ട്രീയ നേതാവിന് നൽകാനായി യുഎഇയിൽ നിന്നും പണവുമായി ഇയാളെ അയയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തന ചിലവിനായിട്ടാണ് തുക കൈമാറാൻ നിർദ്ദേശിച്ചതെന്നും മഹാദേവ ബെറ്റിംഗ് ആപ്പ് പ്രമോട്ടർമാരാണ് തുക തന്നയച്ചതെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
റെയ്ഡിൽ 15.59 കോടി രൂപ കൂടി വെളിപ്പെട്ടതായും ഇത് മരവിപ്പിച്ചിട്ടുണ്ടെന്നും ഇഡി എക്‌സിലൂടെ അറിയിച്ചു. മഹാദേവ് ഓൺലൈൻ ബെറ്റിംഗ് ആപ്പിന്റെ മറവിൽ കളളപ്പണം വെളുപ്പിച്ച സംഭവത്തിൽ ഛത്തീസ്ഗഢിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെയും ആരോപണം ഉയർന്നിട്ടുള്ളത്.
Discussion about this post