മലപ്പുറം: ഫാമിലി കൗൺസിലറെ ഹണിട്രാപ്പിലൂടെ ലോഡ്ജിൽ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ നാലംഗ സംഘം അറസ്റ്റിൽ. ഇടുക്കി വട്ടപ്പാറ പുതുശേരിപ്പടിക്കൽ അഭിലാഷ് (28), കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസിലിൽ അൽ അമീൻ (23), ഇടുക്കി ശാന്തൻപാറ ചരുവിൽ പുത്തൻവീട്ടിൽ പി. ആതിര (28), അടിമാലി കാട്ടാഞ്ചേരി കെ.കെ. അക്ഷയ (21) എന്നിവരാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയായ ഫാമിലി കൗൺസിലർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. യുട്യൂബർ കൂടിയായ കൗൺസിലറുടെ വിഡിയോയിൽ നിന്നും ഫോൺ നമ്പർ കൈക്കലാക്കി അക്ഷയയാണ് പരാതിക്കാരനെ ബന്ധപ്പെട്ടത്. ഇയാളുമായി സൗഹൃദം സ്ഥാപിച്ച അക്ഷയ തന്റെ അസുഖബാധിതനായ സഹോദരന് കൗൺസലിങ് നൽകണമെന്നാവശ്യപ്പെട്ടാണ് അഭിലാഷ് വാടകയ്ക്കെടുത്ത കൂത്താട്ടുകുളത്തെ ലോഡ്ജ് മുറിയിൽ വിളിച്ചുവരുത്തിയത്. എന്നാൽ, ലോഡ്ജിലെത്തിയ കൗൺസിലർ അക്ഷയ നൽകിയ പാനീയം കുടിച്ചതോടെ ബോധരഹിതനായി. പിന്നീട് കണ്ണ് തുറക്കുമ്പോൾ മുറിയിൽ തനിക്കു സമീപം മറ്റൊരു യുവതിയെയാണ് കണ്ടതെന്നു കൗൺസിലർ മൊഴി നൽകി.
പിന്നീട് അൽ അമീൻ, അഭിലാഷ്, അക്ഷയ എന്നിവരെത്തി യുവതികളെ ചേർത്തു നിർത്തി ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തി 5 ലക്ഷം ആവശ്യപ്പെട്ടു. പണമില്ലെന്ന് അറിയിച്ചതോടെ കാർ അക്ഷയയുടെ പേരിൽ എഴുതി വാങ്ങിയ ശേഷം കൗൺസിലറെ കൂത്താട്ടുകുളം ബസ് സ്റ്റാൻഡിൽ ഇറക്കി വിട്ടു. അക്കൗണ്ടിലുണ്ടായിരുന്ന 9,000 രൂപയും സംഘം തട്ടിയെടുത്തു.
മൊബൈൽ നമ്പറും കാറിന്റെ നമ്പറും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആതിരയെ ഇടപ്പള്ളിയിൽ നിന്നും മറ്റു 3 പേരെ കരിങ്ങാച്ചിറയിൽ നിന്നും പിടികൂടുകയായിരുന്നു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ഡിവൈഎസ്പി ടിബി വിജയൻ, എസ്ഐ എംഎ ആനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Discussion about this post