തിരുവനന്തപുരം: സേവനപ്രവർത്തനങ്ങൾക്കായി കോടികളുടെ സ്വത്തുക്കൾ സേവാഭാരതിയ്ക്ക് കൈമാറി മുൻ ബാങ്ക് ഉദ്യോഗസ്ഥ. പട്ടം പുലരിയിൽ രജനിയാണ് മരണ ശേഷം സ്വത്തുക്കൾ സേവാഭാരതിയ്ക്ക് നൽകിയത്. രണ്ട് കോടി രൂപയുടെ സ്വത്തുക്കളാണ് കൈമാറിയത്. ഒക്ടോബർ 31നായിരുന്നു രജനി അന്തരിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ ഉദ്യോഗസ്ഥയായിരുന്നു രജനി. അവിവാഹിതയാണ്. മാതാപിതാക്കൾക്കൊപ്പം ആയിരുന്നു രജനി കഴിഞ്ഞിരുന്നത്. എന്നാൽ ഇരുവരും മരണ മടഞ്ഞതോടെ ശിഷ്ടകാലം ഒറ്റയ്ക്കുള്ള ജീവിതം തുടരുകയായിരുന്നു.
ഇതിനിടെ രജനിയ്ക്ക് അജ്ഞാത രോഗബാധയുണ്ടായി. ആരോഗ്യത്തെ അസുഖം ബാധിച്ചതോടെ ജോലിയിൽ നിന്നും സ്വമേധയാ വിരമിച്ചു. രോഗത്തിന്റെ തുടക്കത്തിൽ ബന്ധുക്കൾ ആയിരുന്നു രജനിയെ പരിചരിച്ചത്. എന്നാൽ പിന്നീട് ഇവർ സേവാഭാരതിയുടെ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിന് രജനിയുടെ സംരക്ഷണം കൈമാറുകയായിരുന്നു. ഇവിടെ പരിചരണത്തിലിരിക്കെയാണ് രജനി സേവാഭാരതിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായത്.
തുടർന്ന് സ്വത്തുക്കൾ നൽകാൻ താത്പര്യമുള്ളതായി സേവാഭാരതിയെ അറിയിക്കുകയായിരുന്നു. പ്രവർത്തകരും ഇത് സ്വാഗതം ചെയ്തു. ചാലക്കുഴി മെഡിക്കൽ കോളേജ് റോഡിലെ ഏഴ് സെന്റ് സ്ഥലം, പുലരി എന്ന കെട്ടിടം, സ്ഥലമുൾപ്പെടെയുള്ള സ്വത്ത് വകകൾ എന്നിവയാണ് നൽകിയത്.
Discussion about this post