തിരുവനന്തപുരം: മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കസ്റ്റഡിയിൽ. കരമന സ്വദേശിയായ യുവാവിനെയാണ് കസ്റ്റഡിയിൽ എടുത്തത്. യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കരമന സ്വദേശിയെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ മ്യൂസിയം പോലീസാണ് കേസ് എടുത്തത്.
വെള്ളിയാഴ്ച രാത്രിയാണ് മാനവീയം വീഥിയിൽ നൈറ്റ് ലൈഫിനിടെ സംഘർഷം ഉണ്ടായത്. പൂന്തുറ സ്വദേശികളായ സംഘവും അവിടെയെത്തിയ മറ്റൊരു സംഘവുമായിരുന്നു സംഘർഷത്തിലേർപ്പെട്ടത്. ഇതിന് പിന്നാലെ മർദ്ദനത്തിന് ഇരയായ പൂന്തുറ സ്വദേശി ആക്‌സലൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബാക്കിയുള്ളവർക്കായി അന്വേഷണം തുടരുകയാണ്.
നൃത്തം ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. പൂന്തുറ സ്വദേശികളുടെ സംഘത്തെ രണ്ടാമത്തെ സംഘം ആയിരുന്നു ആദ്യം ആക്രമിച്ചത്. ഇതിന് പിന്നാലെ ഇവർ തിരിച്ചും ആക്രമിക്കുകമയായിരുന്നു.
അതേസമയം നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ സംഘർഷം പതിവായതിനാൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും. ഡ്രഗ് കിറ്റ് കൊണ്ടുഉള പരിശോധന നടത്തും. സംശയമുളളവരെ മാത്രമാകും കിറ്റ് ഉപയോഗിച്ചുള്ള പരിശോധന നടത്തുകയെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post