തൃശ്ശൂർ: ചാലക്കുടിയിൽ വളർത്തു നായ്ക്കൾക്ക് വെട്ടേറ്റതായി പരാതി. വി ആർ പുരത്ത് ആണ് സംഭവം. ദുരൂഹ സാഹചര്യത്തിൽ നായ്ക്കൾക്ക് വെട്ടേറ്റ സാഹചര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത് എത്തി.
അംഗനവാടിയ്ക്ക് സമീപം താമസിക്കുന്ന ഗോപിയുടെയും സമീപവാസിയായ വേലായുധന്റെയും വീട്ടിലെ നായ്ക്കൾക്ക് ആണ് വെട്ടേറ്റത്. കഴിഞ്ഞം ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡിൽ വച്ചാണ് നായ്ക്കൾക്ക് നേരെ ആക്രമണം ഉണ്ടായത് എന്നാണ് പരാതിയിൽ പറയുന്നത്.
വെട്ടേറ്റ നായ്ക്കൾ രക്തം ഒലിപ്പിച്ച് വീടുകളിലേക്ക് ഓടിവരികയായിരുന്നു. തുടർന്ന് ഇവയെ ഉടനെ ചാലക്കുടി മൃഗാശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്കുകൾ സാരമുള്ളതിനാൽ പരിയാരം മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരു നായ്ക്കൾക്കും ആഴത്തിലാണ് മുറിവേറ്റത്. ഗോപിയുടെ വീട്ടിലെ നായയ്ക്ക് ഏകദേശം 15 ലധികം സ്റ്റിച്ച് ഉണ്ട്. വേലായുധന്റെ നായയ്ക്ക് പത്തിലധികവും സ്റ്റിച്ചുകളും ഉണ്ട്. മാരകായുധങ്ങൾ കൊണ്ട് വെട്ടിയ പോലുള്ള മുറിവാണ് നായ്ക്കളുടെ മേലുള്ളത്.
നായ്ക്കൾ ആരെയും ആക്രമിക്കാറില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നിട്ടും എന്തിനാണ് നായ്ക്കളെ വെട്ടിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. കുറ്റക്കാർക്ക് തക്ക ശിക്ഷ നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Discussion about this post