മുംബൈ : പ്രശസ്ത നടി രശ്മിക മന്ദാനയുടെ മോര്‍ഫ് ചെയ്ത വീഡിയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം. ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മോര്‍ഫ്ഡ് വീഡിയോയാണ്
രശ്മികയുടേതെന്ന പേരില്‍ പ്രചരിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധവുമായി അമിതാഭ് ബച്ചനടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോള്‍ത്തന്നെ ഇതിന്റെ പിന്നിലെ സത്യാവസ്ഥ ആരാധകര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ അന്വേഷിച്ചു തുടങ്ങിയിരുന്നു. അഭിഷേക് എന്ന മാദ്ധ്യമ പ്രവര്‍ത്തകനാണ് ഇത് മോര്‍ഫ് ചെയ്ത വീഡിയോയാണെന്നും ഇന്ത്യയില്‍ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ കൃത്യമായ നിയന്ത്രണം വേണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്.
നടി രശ്മികയുടെ ഒരു വൈറല്‍ വീഡിയോ എല്ലാവരുടേയും ശ്രദ്ധയില്‍പ്പെട്ടിരിക്കുമെന്നും ഇത് മറ്റൊരാളുടെ ഉടല്‍ ഉപയോഗിച്ചുകൊണ്ടുള്ള വ്യാജവീഡിയോ ആണെന്നും അദ്ദേഹം എക്‌സിലൂടെ കുറിച്ചു. ഇത് ഷെയര്‍ ചെയ്തുകൊണ്ടാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അമിതാഭ് ബച്ചന്‍ നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ് ഇന്ത്യന്‍ പെണ്‍കുട്ടിയുടെ വീഡിയോയില്‍ അവരുടെ തല വെട്ടി മാറ്റി പകരം രശ്മികയുടെ വീഡിയോ ചേര്‍ത്താണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് യഥാര്‍ത്ഥ വീഡിയോയും അഭിഷേക് തന്റെ പേജില്‍ നല്‍കിയിട്ടുണ്ട്.
‘ഗുഡ്‌ബൈ’ എന്ന ചിത്രത്തിലൂടെയാണ് അമിതാഭ് ബച്ചനും രശ്മികയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ 2, രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ‘അനിമല്‍’ എന്നിവയാണ് രശ്മികയുടേതായി അണിയറയിലൊരുങ്ങുന്ന സിനിമകള്‍.
Discussion about this post