കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കേരളീയം പരിപാടിയുടെ തിരക്കിലായതിനാല്‍ കോടതിയില്‍ ഹാജരാകില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാടില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയെ നാണം കെടുത്തുന്ന നടപടിയാണിതെന്നും വിമര്‍ശിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി വി വേണു ഹാജരാകണമെന്ന് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേരളീയത്തിന്റെ പേരില്‍ ഹാജരാകില്ലെന്ന സത്യവാങ്മൂലമാണ് ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.
കോടതിയെ നാണം കെടുത്തുന്ന നടപടിയാണ് ചീഫ് സെക്രട്ടറിയുടേതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, സത്യവാങ്മൂലത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ഇതോടെ ഇന്നുച്ചയ്ക്ക് രണ്ടരയോടെ ഹാജരാകാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി കൊടുത്തുതീര്‍ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഉത്തരവ് പുറത്തുവന്നതിന് ശേഷവും ശമ്പളം മുടങ്ങിയതോടെയാണ് ജീവനക്കാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഇതില്‍ ചീഫ് സെക്രട്ടറി ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ നേരിട്ട് ഹാജരാവാതെ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. രണ്ടാഴ്ചത്തേക്ക് കേരളീയത്തിന്റെ തിരക്കിലാണെന്നായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
Discussion about this post