ന്യൂഡല്‍ഹി : ചോദ്യത്തിന് കോഴ വിവാദത്തില്‍ പെട്ട തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനായി എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ സോങ്കറിന്റെ നേതൃത്വത്തില്‍ അന്ന് യോഗം ചേരും.
ബിജെപി എംപി നിഷികാന്ത് ദുബെ മഹുവ മൊയ്ത്രയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായതിന് ശേഷമാകും കരട് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുക. തുടര്‍ന്ന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യും.
നവംബര്‍ രണ്ടിന് നടന്ന കമ്മിറ്റിയുടെ അവസാന യോഗത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കോഴ വിവാദവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ സമിതിക്ക് മുന്‍പാകെ ഹാജരായ മഹുവ മൊയ്ത്ര ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ ചോദിച്ചു എന്ന കാരണത്താല്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു. 15 അംഗ എത്തിക്സ് കമ്മിറ്റിയാണ് വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. മഹുവ മൊയ്ത്രയുടെ യാത്രകള്‍, പണമിടപാടുകള്‍, ടെലിഫോണ്‍ കോളുകള്‍ അടക്കമുള്ള കാര്യങ്ങള്‍ കമ്മിറ്റി അന്വേഷിക്കുന്നുണ്ട്.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് പകരമായി മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി പങ്കുവെച്ച രേഖകളും കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സ്പീക്കര്‍ അന്വേഷണം ബിജെപി എംപി വിനോദ് കുമാര്‍ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റിക്ക് കൈമാറിയത്.
Discussion about this post