ചണ്ഡീഗഡ് : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് എഎപി എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്രയെ നവംബർ ആറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മലർകോട്‌ലയിൽ നടന്ന ഒരു പൊതുയോഗത്തിൽ നിന്ന് അദ്ദേഹത്തെ ഇ ഡി ഉദ്യോഗസ്ഥർ തടഞ്ഞുവെയ്ക്കുകയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം കസ്റ്റഡിയിലെടുക്കുകയുമാണ് ഉണ്ടായത്. എംഎൽഎ ഗജ്ജൻ മജ്‌രയ്ക്ക് ഒന്നിലധികം സമൻസുകൾ അയച്ചെന്നും അത് നിരാകരിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി 2022 സെപ്റ്റംബറിൽ ഇഡി അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു . റെയ്ഡിൽ 32 ലക്ഷം രൂപയും ചില മൊബൈൽ ഫോണുകളും ഹാർഡ് ഡ്രൈവുകളും ഇഡി സംഘം പിടിച്ചെടുത്തിരുന്നു .
അതേസമയം, ഗജ്ജൻ മജ്‌രയെ പൊതുയോഗത്തിൽ നിന്ന് ഇഡി കസ്റ്റഡിയിലെടുത്തത് പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയനയത്തിന്റെ ഭാഗമാണെന്നു ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് വക്താവ് മൽവീന്ദർ സിംഗ് കാങ് ആരോപിച്ചു. ആം ആദ്മി പാർട്ടിയിൽ ചേരുന്നതിന് മുമ്പ് തന്നെ എംഎൽഎയ്‌ക്കെതിരെ കേസ് നടക്കുന്നുണ്ടെന്നും; 40 കോടിയുടെ ബാങ്ക് തട്ടിപ്പിനോടനുബന്ധിച്ചു കഴിഞ്ഞ വർഷം മെയ് മാസം ഗജ്ജൻ മജ്രയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post