ന്യൂഡൽഹി :ഇസ്രായേൽ-ഹമാസ് സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും ചർച്ച നടത്തി. ഇരുവരും ടെലിഫോണിലൂടെയാണ് ചർച്ച നടത്തിയത്. ഭീകരാക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.ഭീകരത തടയേണ്ടത് ആവശ്യമാണ്. ഇസ്രായേൽ-ഹമാസ് സംഘർഷാവസ്ഥ തുടരുന്നതിനാൽ മാനുഷിക സഹായങ്ങൾ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റിന് ഉറപ്പു നൽകി.
സമാധാനവും സുസ്ഥിരതയും വളരെ പെട്ടന്ന് പുനഃസ്ഥാപിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു പറഞ്ഞു. ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ അക്രമം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തിയത്. ഇസ്രായേൽ-ഹമാസ് സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായും പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.
ഒക്‌ടോബർ 7 നാണ് ഗാസയിൽ നിന്നും ഹമാസ് തീവ്രവാദികൾ ഇസ്രായേലിലേക്ക് ഇരച്ചുകയറുകയും 1,400 ൽ അധികം ആളുകളെ കൊല്ലുകയും 240 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തത്. തുടർന്നാണ് ഇസ്രായേൽ-ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇസ്രായേൽ തിരിച്ചടിച്ചതോടെ സംഘർഷാവസ്ഥ രൂക്ഷമായി.ഹമാസിന്റെ സൈനിക കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.
Discussion about this post