ന്യൂഡല്‍ഹി : ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണിയെ തുടര്‍ന്നാണ് മുന്‍ കരുതല്‍ നടപടിയെന്നോണം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. നവംബര്‍ 30 വരെയാണ് നിരോധനം.
ഐസിസി ലോകകപ്പ് ഫൈനല്‍ നടക്കുന്ന നവംബര്‍ 19ന് എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ സ്ഫോടനം നടത്തുമെന്ന് ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പന്ത്വന്ത് സിംഗ് പന്നൂന്‍ ഭീഷണി മുഴക്കിയിരുന്നു. ഖാലിസ്ഥാന്‍ അനുകൂല സംഘടന പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് പന്നൂന്റെ ഭീഷണി. ഇതോടെയാണ് ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി അതോറിറ്റിയായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) താല്‍ക്കാലിക സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. സന്ദര്‍ശകര്‍ക്ക് എയര്‍പോര്‍ട്ട് എന്‍ട്രി പാസ് നല്‍കുന്നത് നിര്‍ത്താന്‍ ഡല്‍ഹിയിലെയും പഞ്ചാബിലെയും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരോട് ബിസിഎഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് നല്‍കുന്ന താല്‍ക്കാലിക എയര്‍പോര്‍ട്ട് പ്രവേശന പാസ് ആയ ടിഎഇപിയും സന്ദര്‍ശകരുടെ പ്രവേശന ടിക്കറ്റ് വില്‍പ്പനയും നിരോധിച്ചു. നവംബര്‍ 30 വരെയാണ് ഈ സേവനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടുകള്‍, എയര്‍സ്ട്രിപ്പുകള്‍, എയര്‍ഫീല്‍ഡുകള്‍, എയര്‍ഫോഴ്സ് സ്റ്റേഷനുകള്‍, ഹെലിപാഡുകള്‍, ഫ്‌ലൈയിംഗ് സ്‌കൂളുകള്‍, വ്യോമയാന പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം നേരെ കേന്ദ്ര ഏജന്‍സികള്‍ക്ക് തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബിസിഎഎസ് വ്യക്തമാക്കി.
എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്താനും ബിസിഎഎസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എസ്എല്‍പിസി പ്രോട്ടോക്കോള്‍ നിലവില്‍ വരുത്തി. വിമാനത്തില്‍ കയറുന്നതിന് മുന്നേ യാത്രക്കാരെയും അവരുടെ ഹാന്‍ഡ് ലഗേജുകളും സിഐഎസ്എഫിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിച്ചതിന് ശേഷം എയര്‍ലൈന്‍ സ്റ്റാഫ് അംഗങ്ങള്‍ വിശദമായ പരിശോധനയയ്ക്ക് വിധേയമാക്കിയിരിക്കണം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബിസിഎഎസ് കൈമാറിയിട്ടുണ്ട്.
ഖാലിസ്ഥാനി ഭീകരരുടെ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യ കാനഡയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഭീകരാക്രമണ ഭീഷണി മുഴക്കിയ പന്നൂനെതിരെ നടപടിയെടുക്കണമെന്നും ഇന്ത്യയും കാനഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ നാലിനാണ് നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗുര്‍പന്ത്വന്ത് സിംഗ് പന്നൂന്‍ ഭീഷണി മുഴക്കിയത്. അന്നേ ദിവസം എയര്‍ ഇന്ത്യയെ ലോകത്തെവിടെയും പറക്കാന്‍ അനുവദിക്കില്ലെന്നും ഇത് ഇന്ത്യന്‍ സര്‍ക്കാരിനുള്ള മുന്നറിയിപ്പാണെന്നും ഭീഷണി സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post