ന്യൂഡൽഹി: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനായി ദേശീയ മാതൃക രൂപവത്കരിക്കണമെന്നു സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് രാജ്യത്തെ സർക്കാർ-എയ്ഡഡ്, റെസിഡൻഷ്യൽ സ്‌കൂളുകളിൽ പെൺകുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങൾ നിർമ്മിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചത്.
ആർത്തവ ശുചിത്വ വെല്ലുവിളികളും, ശൗചാലയ അപര്യാപ്തതയും, ഇന്ത്യയിലെ പതിനൊന്നിനും പതിനെട്ടിനും ഇടയിലുള്ള സാധാരണക്കാരായ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തക ജയ ഠാക്കൂർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം. ദരിദ്ര വിദ്യാർത്ഥിനികളുടെ സ്കൂൾ കൊഴിഞ്ഞുപോക്കിന് ഈ അപര്യാപ്തത കരണമാകുന്നുവെന്നും ജയ ഠാക്കൂർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, സ്‌കൂൾ വിദ്യാർത്ഥിനികൾക്കായുള്ള സൗജന്യ സാനിറ്ററി നാപ്കിൻ വിതരണ സംവിധാനം നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു. സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കരട് നയം രൂപീകരിച്ചതായി കേന്ദ്രം പറഞ്ഞു. കൂടാതെ ഇത് ബന്ധപ്പെട്ട മേഖലയിലെ അഭിപ്രായശേഖരണത്തിനായി മുന്നോട്ടു വെച്ചിരിക്കുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
Discussion about this post