ന്യൂഡൽഹി :മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി. രാഷ്ട്രത്തെ ശക്തിപ്പെടുത്താൻ മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടുകൾ രാഷ്ട്ര പുരോഗതിയും ഐക്യവും ഉയർത്തി. രാഷ്ട്രനിർമ്മാണത്തിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ 140 കോടി ഭാരതീയരെ പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും നേരുന്നു. പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുതിർന്ന നേതാവിന് ജന്മദിനാശംസകൾ നേർന്നു.അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ ബിജെപി പ്രവർത്തകർക്കും പ്രചോദനമാണെന്ന് അമിത് ഷാ പറഞ്ഞു. “അദ്വാനി ജി, തന്റെ അശ്രാന്ത പരിശ്രമവും സംഘടനാ വൈദഗ്ധ്യവും കൊണ്ട്, പാർട്ടിയെ പരിപോഷിപ്പിക്കാനും പ്രവർത്തകരെ കെട്ടിപ്പടുക്കാനും പ്രവർത്തിച്ചു. ബിജെപിയുടെ പ്രാരംഭസമയം മുതൽ അധികാരത്തിലെത്തുന്നത് വരെ സമാജത്തിനു വേണ്ടി നിസ്വാർഥമായ സേവങ്ങളാണ് അദ്വാനി ജി നൽകിയത്. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും നല്ല ആരോഗ്യത്തിനും വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു”. അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
1927-ൽ കറാച്ചിയിലായിരുന്നു എൽ.കെ അദ്വാനിയുടെ ജനനം. അദ്വാനി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് രാഷ്ട്രീയ സ്വയംസേവക് സംഘത്തിലൂടെയാണ്. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായിരുന്നു അദ്ദേഹം, 1998 മുതൽ 2004 വരെ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു. 2002 മുതൽ 2004 വരെ അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിൽ ഉപപ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015ൽ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.
Discussion about this post