ന്യൂഡൽഹി :അധികാരത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അഴിമതിക്കാണ് അവർ പ്രാധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോൺഗ്രസ് പാർട്ടിയെക്കുറിച്ച് നമ്മൾ വളരെ ശ്രദ്ധയോടെ ഇരിക്കേണ്ട സമയമാണിത്. കാലാകാലങ്ങളായി അവർ പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വികസനങ്ങൾ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ ദാമോയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അധ്യക്ഷനെ നിയന്ത്രിക്കുന്നത് റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ്.അദ്ദേഹത്തിന് കൂടുതലൊന്നും ചെയ്യാൻ കഴിയില്ല. റിമോട്ട് പ്രവർത്തിച്ചു തുടങ്ങുമ്പോൾ അദ്ദേഹം സനാതന ധർമ്മത്തിനെതിരെ സംസാരിക്കും. ഇന്നലെ അദ്ദേഹത്തിന്റെ റിമോട്ട് പ്രവർത്തിച്ചില്ലെന്നു തോന്നുന്നു.കാരണം അദ്ദേഹം പഞ്ചപാണ്ഡവരെ കുറിച്ച് സംസാരിച്ചു. പഞ്ചപാണ്ഡവർ പടുത്തുയർത്തിയ പാതയിലൂടെയാണ് ഞങ്ങൾ നടക്കുന്നത്. അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു, പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഗ്വാളിയോറിലെ പ്രചാരണ യോഗത്തിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പഞ്ചപാണ്ഡവരെ കുറിച്ച് പരാമർശം നടത്തിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ആദായനികുതി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ബിജെപിയിലെ പഞ്ചപാണ്ഡവർ ആണെന്നായിരുന്നു പരാമർശം. ഖാർഗെയുടെ പരാമർശത്തെ തുടർന്നാണ് പ്രധാനമന്ത്രിയുടെ മറുപടി.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസനങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല. അഴിമതി നടത്തുക എന്നതാണവരുടെ ലക്ഷ്യം. കർണ്ണാടകയിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ചു. പക്ഷെ മദ്ധ്യപ്രദേശിലെ യുവാക്കൾക്ക് കോൺഗ്രസിന്റെ അഴിമതിയെകുറിച്ചറിയാം. അവർ കോൺഗ്രസിനെ ഇനി വിശ്വസിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post