ആഡംബരയാത്രകൾ നടത്തണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്. അത് സ്വന്തം പങ്കാളിക്കൊപ്പമാണെങ്കിൽ ആ യാത്ര പ്രണയാർദ്രമായിരിക്കും. എന്നാൽ സാമ്പത്തികമാണ് ഇത്തരം സ്വപ്‌ന യാത്രകൾക്ക് വിലങ്ങുതടിയാകുന്നത്.
എന്നാൽ, ഒരു സ്വകാര്യ ദ്വീപിൽ ആഡംബര ജീവിതം നയിക്കാൻ ദമ്പതികളെ തേടുകയാണ് ഒരു പ്രൈവറ്റ് കമ്പനി.എല്ലാവിധ ആഢംബര സൗകര്യങ്ങളോടും കൂടി ഒരു സ്വകാര്യ ദ്വീപിൽ ജോലി ചെയ്യാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഒരു ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെന്റ് ഏജൻസിയായ ഫെയർഫാക്സ് ആൻഡ് കെനിങ്സ്റ്റൺ ആണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. പങ്കാളിക്കൊപ്പം സ്വകാര്യ ദ്വീപിൽ താമസിച്ച് ജോലി ചെയ്യാനുള്ള ഓഫർ ആണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. കമ്പനിയുടെ യോഗ്യതകൾക്ക് അനുയോജ്യരായ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ശമ്പളമായി ലഭിക്കുക 185,000 ഡോളറാണ് അതായത്, 1 .5 കോടി ഇന്ത്യൻ രൂപ.
ആകർഷകമായ ശമ്പളത്തോടൊപ്പം വർഷത്തിൽ 25 ദിവസം ലീവ് എടുത്ത് വീട്ടിൽ പോകാനുള്ള അവസരവും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. നിർമ്മാണം പൂർത്തിയാക്കി കൊണ്ടിരിക്കുന്ന ഈ ദ്വീപിനെ ആഡംബരപൂർണമായ പറുദീസയാക്കി മാറ്റി മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾ സോഷ്യൽ മീഡിയ സ്വാധീനമുള്ളവർ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. തങ്ങളുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ ദ്വീപിനെ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ദമ്പതികൾ ചെയ്യേണ്ട ജോലി.
ആഢംബര വ്യവസായ മേഖലയിൽ ഉൾപ്പെട്ട ഉല്ലാസബോട്ടുകൾ അല്ലെങ്കിൽ ഉയർന്ന നിലവാരത്തിലുള്ള താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിച്ച് മുൻ പരിചയമുണ്ടായിരിക്കണം. ആഴ്ചയിൽ ആറ് ദിവസമായിരിക്കും ജോലി ചെയ്യേണ്ടി വരിക. അടുത്ത വർഷം ജനുവരിയിൽ ജോലിക്ക് കയറാം.
അപേക്ഷയോടൊപ്പം ദമ്പതിമാർ തങ്ങളുടെ ഒരു ടിക് ടോക്ക് വീഡിയോ കൂടി നൽകണം
Discussion about this post