തൃശ്ശൂർ: വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ കൊടിസുനിയും സംഘവും ജയിൽ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജയിൽ ചാടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു സംഘർഷം ഉണ്ടാക്കിയത് എന്നാണ് കണ്ടെത്തൽ. ഇതിനായി മാസങ്ങളോളം ഇവർ ആസൂത്രണം നടത്തിയെന്നും ജയിൽ അധികൃതർ നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കി.
ജയിലിൽ വച്ച് കെവിൻ വധക്കേസിലെ പ്രതിയും കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘവും തമ്മിലാണ് ആദ്യം സംഘർഷം ഉണ്ടായത്. ഇരു വിഭാഗങ്ങളും ചേർന്ന് നടത്തിയ ആസൂത്രണം ആണ് ഇത്. മാസങ്ങൾക്ക് മുൻപുതന്നെ ഇതിനായുളള പദ്ധതി ഇവർ ആസൂത്രണം ചെയ്തിരുന്നു.
ഞായറാഴ്ചയായിരുന്നു കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തിയത്. സുപ്രണ്ട്, ഡെപ്യൂട്ടി സുപ്രണ്ട് എന്നിവർ ഞായറാഴ്ച ജയിലിൽ ഇല്ലാതിരുന്നു. ഇതാണ് അന്നത്തെ ദിവസം തന്നെ പ്രതികൾ തിരഞ്ഞെടുത്തത്. അന്തേവാസികളെ സംഘങ്ങളായി സിനിമയ്ക്ക് കൊണ്ടുപോകുന്ന ദിവസം കൂടിയായിരുന്നു അത്. ജയിൽ അടുക്കളയിൽ ജോലി ചെയ്യുന്ന ജോമോൻ എന്ന തടവുകാരൻ ഇറച്ചി വിഭവങ്ങൾ നൽകുന്നില്ലെന്ന് പരാതി നൽകാൻ തീരുമാനിച്ചതും ആസൂത്രണത്തിന്റെ ഭാഗം ആയിരുന്നു.
അതേസമയം സംഘർഷത്തിൽ വൻ നാശനഷ്ടമാണ് ഓഫീസിൽ ഉണ്ടായിരിക്കുന്നത്. ഫോൺ, മേശ, കസേര എന്നിവ സംഘം തല്ലിപ്പൊളിച്ചു. മറ്റുള്ള വസ്തുക്കളും നശിപ്പിച്ചു. ജീവനക്കാരുടെ ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു. ലാൻഡ്ഫോൺ ബന്ധം വിച്ഛേദിച്ചു. രക്ഷപ്പെടുന്നതുവരെ സംഭവം ഇവർ മറ്റാരെയും അറിയിക്കാതിരിക്കാനായിരുന്നു ഫോണുകൾ നശിപ്പിച്ചത്.
Discussion about this post