തൃശൂർ: സർക്കാർ സർവീസിലിരിക്കെ അനധികൃത സമ്പാദനവും ആൾമാറാട്ടവും നടത്തിയ റവന്യു വകുപ്പ് ജീവനക്കാരനെതിരേ കളക്ടറുടെ വിജിലൻസ് അന്വേഷണ ശുപാർശ അട്ടിമറിച്ച് ഉദ്യോഗസ്ഥർ. പരാതി ഉയർന്ന ജീവനക്കാരനെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടും ഇതുവരെ റവന്യു വകുപ്പ് നടപടിയെടുത്തിട്ടില്ല. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാർ.
തൃശൂർ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്തിരുന്ന ഗീവർഗീസ് മാത്യുവിനെതിരായ നടപടിയാണ് ഉദ്യോഗസ്ഥർ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. 2022 ജൂലൈയിൽ ഗീവർഗീസ് സർവീസിൽനിന്ന് രാജിവയ്ക്കാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ റവന്യു വകുപ്പ് ഇതുവരെ രാജി സ്വീകരിച്ചിരുന്നില്ല. ഇത് അംഗീകരിച്ച് വിജിലൻസ് അന്വേഷണത്തിൽനിന്ന് ഇയാളെ രക്ഷപെടുത്താനാണ് നീക്കം.
വിജിലൻസ് അന്വേഷണത്തിനുളള കലക്ടറുടെ ശുപാർശ കളക്ടറേറ്റിലെ ഹുസൂർ ശിരസ്തദാറുടെ ഓഫീസിൽ നടപടി സ്വീകരിക്കാതെ വെച്ചിരിക്കുകയാണെന്നാണ് പരാതിക്കാരുടെ ആക്ഷേപം. പരാതി സംബന്ധമായ വിവരങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനും ഉദ്യോഗസ്ഥർ തയാറാകുന്നില്ലന്ന് ഇവർ ചൂണ്ടിക്കാട്ടി. തൃശൂർ ഭുരേഖാ തഹസിൽദാരുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് കലക്ടർ ഇയാൾക്കെതിരെ വിജിലൻസിന് അന്വേഷണത്തിന് ശുപാർശ ചെയ്തത്.
ഗീവർഗീസ് മാത്യുവിനെതിരേ ആൾമാറാട്ടം, പണമിടപാടിലെ ഇടനിലക്കാരൻ, അനധികൃത വിദേശയാത്രകൾ, ജോലി സമയത്ത് ലീവെടുക്കാതെ അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉൾപ്പെടുത്തിയാണ് പുറനാട്ടുകരയിലെ ബാബുരാജ് എൻവി പരാതി നൽകിയത്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഗീവർഗീസ് ഉൾപ്പെട്ട കേസിന്റെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.
ഗീവർഗീസിന്റെ പാസ്പോർട്ട് പരിശോധിച്ച് വിദേശയാത്രകൾ നടത്തിയത് സർക്കാർ അനുമതിയോടെയാണോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കൈക്കൂലിയായി വാങ്ങിയ പണം ഇയാൾ പലിശയ്ക്ക് നൽകുകയാണെന്നും പരാതിക്കാരൻ ഭൂരേഖ തഹസിൽദാരുടെ മുമ്പാകെ മൊഴി നൽകിയിരുന്നു. അരണാട്ടുകര വില്ലേജിലെ മൂന്ന് സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമി ഭൂവിനിയോഗ ഉത്തരവിന്റെയും കോടതി വിധികളുടെയും അടിസ്ഥാനത്തിൽ റവന്യു ഡിവിഷണൽ ഓഫീസിൽനിന്ന് ഉത്തരവ് സമ്പാദിച്ച് തരംമാറ്റിയെന്നും ആരോപണമുണ്ട്. ആരോപണങ്ങൾ ഗൗരവമാണെന്ന വിലയിരുത്തലോടെയാണ് കളക്ടർ ആഭ്യന്തര വകുപ്പിന് കീഴിലുളള വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോയിലേക്ക് സമഗ്ര അന്വേഷണത്തിനായി ശുപാർശ ചെയ്തത്.
സെപ്റ്റംബർ 27നാണ് കലക്ടർ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇതുസംബന്ധിച്ച തുടർ നടപടിക്കുളള ഫയലുകളാണ് കലക്ടറേറ്റിൽ പൂഴ്ത്തിവച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസഥരുടെ കൃത്യവിലോപത്തിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
Discussion about this post