അനന്തകോടി ജീവനുകൾക്ക് പിന്നിലെ രഹസ്യം ഒളിപ്പിച്ച് കത്തിജ്വലിക്കുകയാണ് സൂര്യൻ. ജീവന്റെ ആധാരം എന്തെന്ന ചോദ്യത്തിന് ജലം,വായു എന്നിങ്ങനെ ഉത്തരങ്ങൾ ഉണ്ടെങ്കിലും ആദികിരണങ്ങളുടെ പങ്ക് ഒഴിവാക്കാനാവാത്തതാണ്. ഭൂമി ഇന്ന് കാണുന്ന ഈ രീതിയിലായതിനും ഈ കണ്ട പച്ചപ്പും ഹരിതാഭയും നിറഞ്ഞുനിൽക്കുന്നതിനും കാരണം തന്നെ ദശലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾ അകലെ സൂര്യൻ ഇങ്ങനെ കത്തിജ്വലിക്കുന്നതിനാലാണ്. അത് കൊണ്ട് തന്നെ സൂര്യന്റെ അന്ത്യം എന്നത് ഭൂമിയുടെയും അവസാനമാണ്.
നിലവിൽ മദ്ധ്യവയസ്‌കനാണ് നമ്മുടെ സൂര്യൻ. ഏതാണ്ട് 500 കോടി വർഷം മുൻപായിരുന്നു സൂര്യനെന്ന ഭീമാകാരൻ നക്ഷത്രത്തിന്റെ പിറവി. നമ്മൾ കാണുന്നതിലും വളരെയധികം സങ്കീർണമായ ഒരു നക്ഷത്രമാണു സൂര്യൻ. ഇതിൽ പല സ്‌ഫോടനാത്മക സൗരപ്രതിഭാസങ്ങൾ ഉണ്ടാകുകയും സൗരയൂഥത്തിൽനിന്നും വലിയ അളവിൽ ഊർജം പുറത്തുവിടുകയും ചെയ്യുന്നു. ഇപ്പോഴിതാ സൂര്യനെ കുറിച്ചുള്ള മുൻധാരണകളെ തള്ളുന്ന ഒരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വിദഗ്ധ സംഘം.
ടോക്കിയോ സർവകലാശാലയിലെ ജ്യോതി ശാസ്ത്രജ്ഞർ മസാവോ ടകാറ്റ, കേംബ്രിഡ്ജ് സർവകലാശാലയിലെ ഡഗ്‌ളസ് ഗഫ് എന്നിവർ പി മോഡുകൾ വഴിയുണ്ടാകുന്ന സൂര്യനിലെ ശബ്ദത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ മുൻപുള്ളതിലും അൽപം ചെറുതാണ് സൂര്യന്റെ വലുപ്പമെന്ന് കണ്ടെത്തി.
സൂര്യന്റെ മദ്ധ്യത്തിൽ നിന്നും അറ്റംവരയുള്ള വൃത്തപരിധി മുൻപ് കരുതിയതിലും നൂറിലൊന്ന് ശതമാനം കുറഞ്ഞതായി മാറിയെന്നാണ് കണ്ടെത്തൽ. അതായത് മുൻപുള്ളതിലും ചെറുതാണ് സൂര്യന്റെ വലുപ്പം അത്രേ. എന്താണ് സൂര്യന്റെ ഈ ക്ഷീണത്തിന് കാരണമെന്ന് വ്യക്തമാകാനായിട്ടില്ല. പ്രായം ഏറുന്തോറും ഉണ്ടാവുന്നതാണ് ഈ പ്രശ്‌നമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ എന്നാൽ സൂര്യന്റെ ആകെ ആരം അളക്കാൻ ഉപയോഗിക്കുന്ന എഫ് മോഡുകൾ സൂര്യനിലെ ഫോട്ടോസ്ഫിയറിന് സമീപം വരെ വ്യാപിച്ചിട്ടില്ലാത്തതിനാൽ ഈ അളവ് പൂർണമായും ഗവേഷകർ വിശ്വസിച്ചിട്ടില്ല.അതിനാൽ തന്നെ നിലവിലെ കണ്ടെത്തലുകൾ കൂടുതൽ പഠനവിധേയമാക്കാനാണ് ഗവേഷകരുടെ തീരുമാനം.
Discussion about this post