ന്യൂഡൽഹി: മാലിദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുയിസുവിന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം. ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും ഇന്ത്യയുടെ പ്രാതിനിധ്യം സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൈന അനുകൂല നേതാവായി പരക്കെ അറിയപ്പെടുന്ന മുയിസു നവംബർ 17 ന് മാലിദ്വീപ് പ്രസിഡന്റായി ചുമതലയേൽക്കും. സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഇബ്രാഹിം സോലിഹിനെ പരാജയപ്പെടുത്തിയാണ് മുയിസു അധികാരത്തിലെത്തിയത് .
രാജ്യത്തിൻറെ പ്രധാന സമുദ്ര അയൽരാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധം , സുരക്ഷ തുടങ്ങിയ മേഖലകളിലുൾപ്പടെ സൗഹാർദ്ദമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. മുൻ പ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. കൂടാതെ ഇക്കഴിഞ്ഞ മെയ് മാസത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മാലിദ്വീപ് സന്ദർശിക്കുകയും അതിവേഗ പട്രോളിംഗ് കപ്പലും ലാൻഡിംഗ് ക്രാഫ്റ്റും ദ്വീപ് രാഷ്ട്രത്തിന് കൈമാറുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മാലിദ്വീപിലെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ സംരംഭമായി കണക്കാക്കപ്പെടുന്ന ഇന്ത്യ ധനസഹായത്തോടെയുള്ള ഗ്രേറ്റർ മെയിൽ കണക്റ്റിവിറ്റി പ്രോജക്റ്റ് (ജിഎംസിപി) മോദിയും സോലിഹും ചേർന്ന് ആരംഭിച്ചിത്. മാലിദ്വീപ് തലസ്ഥാനമായ മാലെയെ വില്ലിംഗ്ലി, ഗുൽഹിഫൽഹു, തിലഫുഷി എന്നീ ദ്വീപുകളുമായി ബന്ധിപ്പിക്കുന്നതിനായുള്ള 6.74 കിലോമീറ്റർ നീളമുള്ള പാലത്തിന്റെയും കോസ്‌വേ ലിങ്കിന്റെയും നിർമ്മാണം ജിഎംസിപിയുടെ കീഴിൽ നടപ്പിൽ വരുത്തുന്നത്തിനിടയിലാണ് ഈ അധികാരമാറ്റം.
ദ്വീപ് രാഷ്ട്രത്തിൽ നിന്ന് ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുന്നതിനു മുൻഗണന നൽകുന്നതായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുയിസു പ്രസ്താവിച്ചിരുന്നു. അതേസമയം മുയിസുവിന്റെ നേതൃത്വത്തിലുള്ള സർക്കാരുമായി ക്രിയാത്മകമായി ഇടപഴകാൻ ആഗ്രഹിക്കുന്നുവെന്നാണ് ഇന്ത്യ അറിയിച്ചത് .
Discussion about this post