മിക്ക ഇന്ത്യൻ ഭക്ഷണ വിഭവങ്ങളിലും ഒഴിച്ചുകൂടാൻ ആവാത്ത ഒരു ചേരുവയാണ് പെരുംജീരകം. എന്നാൽ പെരുംജീരകം ഭക്ഷണത്തിന് രുചി കൂട്ടാനുള്ള ഒരു ചേരുവ മാത്രമല്ല. ധാരാളം ഔഷധ ഗുണങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീകൾ നേരിടുന്ന പല ശാരീരിക പ്രശ്നങ്ങൾക്കും ഒരു ഉത്തമ പരിഹാരമാണ് പെരുംജീരകം. വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവയും പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്.
സ്ത്രീകൾക്ക് ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ഉത്തമ ഔഷധമാണ് പെരുംജീരകം. ആർത്തവകാലത്ത് ഉണ്ടാകുന്ന വയറുവേദന, അമിത രക്തസ്രാവം എന്നിവ നിയന്ത്രിക്കാനും ആർത്തവം ക്രമപ്പെടുത്താനും പെരുംജീരകത്തിന്റെ ഉപയോഗം കൊണ്ട് സാധിക്കും. പെരുംജീരകം പൊടിച്ചു കഴിക്കുകയോ പെരുംജീരക വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചെയ്യുന്നത് ഉത്തമമാണ്. പ്രസവാനന്തരം മുലപ്പാൽ വർദ്ധിക്കാനും പെരുംജീരകം സഹായകരമാണ്. സ്ത്രീകളിൽ ബ്രെസ്റ്റ് കാൻസർ ഉണ്ടാകുന്നത് തടയാനും ഒരു പരിധി വരെ പെരുംജീരകത്തിന്റെ ഉപയോഗം കൊണ്ട് സാധിക്കും.
പെരുംജീരകത്തിന്റെ ഗുണം സ്ത്രീകൾക്ക് മാത്രമുള്ളതല്ല.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് പെരുംജീരകം. ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കാനും ഗ്ലോക്കോമ ചികിത്സിക്കാനും വീക്കം കുറയ്ക്കാനും ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകളെ തടയാനും സഹായിക്കുന്നു. ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഒരു സവിശേഷ പരിഹാരം കൂടിയാണ് പെരുംജീരകം. ധാരാളം നാരുകളാൽ സമ്പുഷ്ടമാണ് ഇത്. 100 ഗ്രാം പെരുംജീരകത്തിൽ 39.8 ഗ്രാം നാരുകളാണ് അടങ്ങിയിട്ടുള്ളത്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്.
വായ്നാറ്റം അകറ്റാനും ശ്വാസത്തിന് സുഗന്ധം നൽകാനും പെരുംജീരകം ഏറെ സഹായകരമാണ്. പെരുംജീരകത്തിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ആണ് ഇതിന് സഹായിക്കുന്നത്. ആസ്തമയും മറ്റു ശ്വാസകോശസംബന്ധമായ അസുഖങ്ങളും നിയന്ത്രിക്കാനും പെരുംജീരകം സഹായിക്കുന്നതാണ്. പൊട്ടാസ്യം, സെലിനിയം, സിങ്ക് തുടങ്ങിയ ധാരാളമായി അടങ്ങിയിട്ടുള്ള പെരുംജീരകം ചർമ്മ പ്രശ്നങ്ങൾക്കും ഒരു മികച്ച പരിഹാരമാണ്. ഇത്തരത്തിൽ നിരവധി ഗുണങ്ങളാണ് പെരുംജീരകത്തിൽ അടങ്ങിയിട്ടുള്ളത്.
Discussion about this post