കൊൽക്കത്ത: സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേറ്റ് സുരേഷ് ഗോപി. ചുമതലയേറ്റ വിവരം ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് പങ്കുവച്ചത്. ചുമതലയേറ്റതിന് പിന്നാലെ സുരേഷ് ഗോപി ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിലുമായി ചർച്ചകൾ നടത്തി.
ഇന്നലെയായിരുന്നു അദ്ദേഹം ചുമതലയേറ്റത്. ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിലിന് പുറമേ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം, ധനമന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികളുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉള്ളിൽ നിന്നുകൊണ്ടുള്ള സെൽഫിയും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. മൂന്ന് വർഷം അദ്ദേഹം ഈ ചുമതലയിൽ തുടരും. കേന്ദ്രാ വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം.
കഴിഞ്ഞ മാസമായിരുന്നു സുരേഷ് ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ നിയമിച്ചതായുള്ള വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ സുരേഷ് ഗോപി ഇതിൽ അതൃപ്തി അറിയിച്ചെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.
Discussion about this post