ഇസ്ലാമാബാദ്: സാമ്പത്തികപ്രതിസന്ധിയും ഭീകരതയെ തേനുംപാലും നൽകി വളർത്തുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും പാകിസ്താനെ മുച്ചൂടും മുടിച്ചു കൊണ്ടിരിക്കുകയാണ്.
. ഉപ്പ് തൊട്ട് കുന്തിരക്കത്തിന് വരെ തീപിടിച്ച വിലയാണ്. പകൽക്കൊള്ളയാണ് പാക് മാർക്കറ്റുകളിൽ ഇപ്പോൾ നടക്കുന്നത്. ഇതുകൊണ്ടൊക്കെ തന്നെ രാജ്യത്ത് കിട്ടാക്കനിയായ സാധനങ്ങളുടെ ലിസ്റ്റ് ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം ഈ ലിസ്റ്റിലേക്കെത്തിയത് ലാമിനേഷൻ പേപ്പറാണ്. കേട്ടാൽ നിസാരമെന്ന് തോന്നുമെങ്കിലും ലാമിനേഷൻ പേപ്പറിന്റെ ക്ഷാമം രാജ്യത്തെ തെല്ലൊന്നുമല്ല വലച്ചത്.
നിരവധി പാക് പൗരന്മാരുടെ വിദേശയാത്രകളും പഠനവും ബസിനസ് മീറ്റിംഗുകളും വരെ മുടങ്ങി. കേവലം ലാമിനേഷൻ പേപ്പർ കൊണ്ട് ഇതെങ്ങനെ സംഭവിച്ചു എന്നല്ലേ? പാസ്‌പോർട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന ലാമിനേഷൻ പേപ്പറിനാണ് രാജ്യത്ത് ക്ഷാമം. ഫ്രാൻസിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ ലക്ഷക്കണക്കിന് പാസ്‌പോർട്ടുകളാണ് പ്രിന്റ് ചെയ്യാനാവാതെ കെട്ടിക്കിടക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ പാസ്‌പോർട്ട് കോളിറ്റി നിശ്ചയിക്കാനാവൂ എന്നതിനാൽ പാകിസ്താൻ ആകെ പെട്ടിരിക്കുന്ന അവസ്ഥയാണ്. ഇനി മറ്റേതെങ്കിലും രാജ്യത്തിന് കൂടുതൽ പണം നൽകി കരാറിലേർപ്പെടാനുള്ള തുട്ട് തൽക്കാലം ഖജനാവിൽ ഇല്ലാത്തതിനാൽ ആ വഴിയും അടഞ്ഞിരിക്കുകയാണ്. അതായത് ഫ്രാൻസ് കനിയുന്നത് വരെ ഈ അവസ്ഥ തുടരുമെന്നാണ് വിവരം.
വിദേശത്ത് ജോലിയും പഠനവും സ്വപ്‌നം കണ്ട് പാസ്‌പോർട്ടിന് അപേക്ഷിച്ചവരും, പുതുക്കിയ പാസ്‌പോർട്ടിന് അപേക്ഷിച്ച ബിസിനസുകാരും എല്ലാം ഇനി എന്താണ് പോംവഴി എന്ന് ആലോചിക്കുകയാണ്. നിരവധി പേരുടെ സ്വപ്‌നങ്ങളെ തകിടംമറിക്കുന്നതാണ് ഈ ദുരവസ്ഥ. വിദേശജോലിക്ക് പോകാനായി പാസ്‌പോർട്ട് ലഭിക്കാൻ വൈകിയതോടെ, ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള എന്റെ ഗോൾഡൻ ടിക്കറ്റ് നഷ്ടപ്പെട്ടുവെന്നാണ് ഒരു ഹതഭാഗ്യനായ പാക് പൗരൻ പ്രതികരിച്ചത്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് വില കൊടുക്കേണ്ടി വന്നത് നിരവധി പേരുടെ സ്വപ്‌നങ്ങളും വിലയേറിയ സമയവുമാണെന്ന് സാരം. ഇനി അഥവാ ലാമിനേഷൻ പേപ്പർ ഇറക്കുമതി പുനരാരംഭിച്ചാലും ഏഴ്‌ലക്ഷത്തോളം പാസ്‌പോർട്ടുകൾ അച്ചടിച്ച് ഇറക്കാൻ പാകിസ്താനികൾ വാരാന്ത്യങ്ങളിൽ പോലും എല്ലുമുറിയെ ജോലിയെടുക്കേണ്ടി വരും. ഏറ്റവും ദു;ഖകരമായ കാര്യം ഇത് ആദ്യമായല്ല പാകിസ്താൻ സമാനമായ ഈ പരിതസ്ഥിതിയിലൂടെ കടന്ന് പോകുന്നത്. 2013 ലും ലാമിനേഷൻ പേപ്പറുകളുടെ ക്ഷാമവും ഫണ്ട് മുടങ്ങിയതും കാരണം ഒത്തിരി വെള്ളം കുടിച്ചതാണ് രാജ്യം. അന്നത്തെ ഒന്നൊന്നര പാഠം പാകിസ്താൻ ഇത് വരെ ഉൾക്കൊണ്ടിട്ടില്ല എന്ന് വേണം കരുതാൻ.
Discussion about this post