ഛണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തികടന്ന് എത്തിയ പാക് ഡ്രോൺ തണ്ടെടുത്ത് ബിഎസ്എഫ്. താൺ തരൺ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം. നിലത്ത് തകർന്ന് വീണ നിലയിൽ ആയിരുന്നു ഡ്രോൺ കണ്ടെടുത്തത്.
അർദ്ധരാത്രി അതിർത്തി കടന്ന് ഡ്രോൺ എത്തിയതായി ബിഎസ്എഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ പരിശോധന നടത്തുകയായിരുന്നു ബിഎസ്എഫ്. പരിശോധനയ്ക്കിടെ അതിർത്തി ഗ്രാമമായ നൗരേഷ ധല്ല ഗ്രാമത്തിൽ നിന്നും തകർന്ന നിലയിൽ ഡ്രോൺ കണ്ടെത്തുകയായിരുന്നു.
ചൈനീസ് നിർമ്മിത ഖ്വാഡ്‌കോപ്റ്ററാണ് ഇതെന്നാണ് വിവരം. ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോണാണ് ലഭിച്ചത്. സൈനിക ആവശ്യങ്ങൾക്കായി പാകിസ്താൻ ഇത്തരം ഡ്രോണുകൾ ഉപയോഗിക്കാറുണ്ട്. സ്ഥലത്ത് കൂടുതൽ തിരച്ചിൽ പുരോഗമിക്കുകയാണ്. ഡ്രോൺ എത്തിയ സാഹചര്യത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post