ന്യൂഡൽഹി: ആഴ്ച്ചയിൽ 70 മണിക്കൂർ ജോലി എന്ന ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് എംപി മനീഷ് തിവാരി. തന്നെപ്പോലെയുള്ള ജനപ്രതിനിധികൾ ഒരു ദിവസം 12 മുതൽ 15 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട്. അങ്ങനെയാണെങ്കിൽ നാരായണ മൂർത്തിയുടെ പ്രസ്താവനയിൽ എന്താണ് തെറ്റെന്ന് മനീഷ് തിവാരി ചോദിച്ചു.
‘ആഴ്ചയിൽ 70 മണിക്കൂർ ജോലി എന്ന നാരായണ മൂർത്തിയുടെ പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള പ്രതിഷേധങ്ങൾ എന്തിനെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതിൽ എന്താണ് തെറ്റ്? ഞങ്ങളിൽ ചില പൊതുജന പ്രതിനിധികൾ ദിവസത്തിൽ 12-15 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും ജോലി ചെയ്യുന്നു. ജോലിയും പൊതുജന സേവനവും ഒന്നിച്ച് കൊണ്ടുപോകുന്നു. ഞാൻ അവസാനമായി ഒരു ഞായറാഴ്ച അവധിയെടുത്തത് എന്നാണെന്ന് പോലും ഓർക്കുന്നില്ല. ഞങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവരായാലും തിരഞ്ഞെടുക്കപ്പെടാത്തവരായാലും ഞായറാഴ്ച മണ്ഡലത്തിൽ മുഴുവൻ പ്രവൃത്തി ദിവസമാണ്’- അദ്ദേഹം ട്വീറ്റ് ചെയ്തു.
ആഴ്ച്ചയിൽ 70 മണിക്കൂർ ജോലി എന്ന നാരായണ മൂർത്തിയുടെ പ്രസ്താവനയെ വിമർശിച്ച ഒരു വാർത്താ കുറിപ്പിന് മറുപടിയായാണ് തിവാരിയുടെ ട്വീറ്റ്. ‘ഇന്ത്യ യഥാർത്ഥത്തിൽ ഒരു വലിയ ശക്തിയായി മാറണമെങ്കിൽ, ഒന്നോ രണ്ടോ തലമുറകളെങ്കിലും ആഴ്ചയിൽ 70 മണിക്കൂർ എന്ന രീതിയലേക്കെത്തണം. ആഴ്ചയിൽ 70 മണിക്കൂർ ജോലി, ഒരു ദിവസം അവധി, വർഷത്തിൽ 15 വെക്കേഷൻ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറണം. ആവശ്യമായ ജോലി ഉറപ്പാക്കുകയും വേണം’- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ യുവാക്കൾ കൂടുതൽ സമയം ജോലിക്കായി നീക്കിവയ്ക്കാൻ പ്രതിജ്ഞാബദ്ധരായില്ലെങ്കിൽ, ഉയർന്ന സമ്പദ് വ്യവസ്ഥ കൈവരിക്കില്ലെന്നായിരുന്നു നാരായണ മൂർത്തിയുടെ പ്രസ്താവന. വിശ്രമമില്ലാതെ പൊതു സേവനത്തിന് ദിവസവും മണിക്കൂറുകൾ ചെലവിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദാഹരണമാക്കിയായിരുന്നു നാരായണ മൂർത്തിയുടെ വാക്കുകൾ.
Discussion about this post