ന്യൂഡൽഹി; കളളപ്പണം വെളുപ്പിക്കൽ കേസിൽ ഹീറോ മോട്ടോകോർപ് എംഡി പവൻ കാന്ത് മുഞ്ജലിന്റെ 24.95 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ഡൽഹിയിലെ വസ്തുവകകളാണ് കണ്ടുകെട്ടിയത്. 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം പവൻ കാന്ത് മുഞ്ജലിനെതിരെ ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് പരാതി രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം.
54 കോടി രൂപയ്ക്ക് തുല്യമായ വിദേശ കറൻസി അനധികൃതമായി ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കടത്തിയെന്നാണ് പവൻ കാന്ത് മുഞ്ജലിനെതിരെ ഉയർന്ന ആരോപണം. ഓഗസ്റ്റിൽ മുഞ്ജലിന്റെ കമ്പനികളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായിട്ടാണ് വസ്തുവകകൾ കണ്ടുകെട്ടിയത്.
കസ്റ്റംസ് ആക്ടിലെ സെക്ഷൻ 135 പ്രകാരമാണ് മുഞ്ജലിനെതിരെ ഡിആർഐ കേസ് പരാതി രജിസ്റ്റർ ചെയ്തത്. മറ്റുളളവരുടെ പേരിൽ വിദേശകറൻസി വാങ്ങുകയും വിദേശയാത്രകളിലും മറ്റും സ്വന്തം ചിലവിനായി പവൻ കാന്ത് മുഞ്ജൽ വിനിയോഗിക്കുകയും ചെയ്തതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരുടെ പേരിൽ വിദേശ കറൻസികൾ വാങ്ങി പവൻ കാന്ത് മുഞ്ജലിന്റെ റിലേഷൻഷിപ്പ് മാനേജർക്ക് കൈമാറുകയായിരുന്നു. ഒരു വ്യക്തിക്ക് 2.5 ലക്ഷം യുഎസ് ഡോളർ എന്ന പരിധി മറികടക്കാനാണ് ഈ വഴി സ്വീകരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിൽ ഒന്നാണ് ഹീറോ മോട്ടോ കോർപ്. പ്രതിവർഷം 47 ശതമാനത്തോളമാണ് കമ്പനിയുടെ അറ്റാദായത്തിൽ വർദ്ധന രേഖപ്പെടുത്തുന്നത്.
Discussion about this post