ന്യൂഡൽഹി: ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുന്നത് തുക്കടേ തുക്കടേ ഗ്യാങ്ങിന്റെ ഫാഷനായി മാറിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. ചോദ്യത്തിന് കോഴ വിവാദത്തിൽ ലോക്പാലിനെതിരെ രംഗത്ത് വന്ന മഹുവ മൊയ്ത്രയുടെ നിലപാട് പരാമർശിച്ചായിരുന്നു പ്രതികരണം. തന്റെകേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലോക്പാൽ ഔദ്യോഗിക പ്രസ്താവനകൾ ഒന്നും നടത്തുന്നില്ലെന്നും ഔട്ട്‌സോഴ്‌സ് ചെയ്യുകയാണെന്നും മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നിഷികാന്ത് ദുബെയുടെ വാക്കുകൾ.
അഴിമതി ആരോപണമുയർന്ന എംപിക്കെതിരെ പരാതി നൽകുക മാത്രമാണ് താൻ ചെയ്തത്. ലോക്പാൽ അത് പരിശോധിച്ച ശേഷം അന്വേഷണ ഏജൻസികളോട് കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. താൻ ലോക്പാലിന്റെ വക്താവ് അല്ലെന്നും ഒരു പരാതിക്കാരൻ മാത്രമാണെന്നും നിഷികാന്ത് ദുബെ പറഞ്ഞു.
സംഭവത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പാർലമെന്റ് അംഗമെന്ന നിലയിലുളള ലോഗിനും പാസ് വേഡും ഇവർ മറ്റൊരാൾക്ക് കൊടുത്തതായി ആരോപണമുയർന്നിരുന്നു. ദുബായിൽ നിന്നുപോലും ഇതിൽ നിന്ന് ലോഗിൻ ചെയ്യാൻ ശ്രമം നടന്നതായ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ എത്തിക്‌സ് കമ്മിറ്റി 500 പേജുളള റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് കമ്മിറ്റി ശിപാർശ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എത്തിക്‌സ് കമ്മിറ്റിയിലേക്ക് വിളിച്ചുവരുത്തിയെങ്കിലും ഇവർ ഇറങ്ങിപ്പോകുകയായിരുന്നു.
വ്യവസായിയായ ദർശൻ ഹിരാനന്ദാനിയുടെ താൽപര്യം സംരക്ഷിക്കാൻ അദാനി ഗ്രൂപ്പിനെതിരെ പാർലമെന്റിൽ മഹുവ മൊയ്ത്ര മനപ്പൂർവ്വം ചോദ്യങ്ങൾ ചോദിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് നിഷികാന്ത് ദുബെ പരാതി നൽകിയത്. ഹിരാനന്ദാനിക്ക് ലോഗിനും പാസ് വേഡും നൽകിയതായി മഹുവയും സമ്മതിച്ചിരുന്നു. എന്നാൽ ഇതിന് പണം വാങ്ങിയിട്ടില്ലെന്നും തന്റെ അറിവോടെയല്ലാതെ ഒന്നും സംഭവിച്ചിട്ടില്ലെന്നുമായിരുന്നു വാദം.
Discussion about this post