അയോധ്യ: ദീപാലങ്കാരങ്ങളിൽ ഗിന്നസ് റെക്കോർഡിട്ട് അയോധ്യ രാമക്ഷേത്രം. ദീപാവലി പ്രമാണിച്ച് കഴിഞ്ഞ സന്ധ്യക്ക് ക്ഷേത്രത്തിൽ പ്രഭ ചൊരിഞ്ഞത് 22.23 ലക്ഷം ചെരാതുകളാണ്. കഴിഞ്ഞ ശിവരാത്രിക്ക് ഉജ്ജൈൻ ക്ഷേത്രത്തിൽ തെളിഞ്ഞ 18.8 ലക്ഷം ചെരാതുകളുടെ റെക്കോർഡാണ് ഇത്തവണ വഴിമാറിയത്.
2017ലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ വരവോടെയാണ് അയോധ്യയിൽ ദീപാവലി ആഘോഷങ്ങൾ ഇത്രയും വിപുലമായി കൊണ്ടാടാൻ തുടങ്ങിയത്. 51,000 ദീപങ്ങളായിരുന്നു 2017ൽ അയോധ്യയിൽ തെളിഞ്ഞത്. 2019ൽ 4.10 ലക്ഷം ദീപങ്ങൾ കൊളുത്തി. 2020ൽ 6 ലക്ഷവും 2021ൽ 9 ലക്ഷം ദീപങ്ങളും കൊളുത്തിയാണ് ക്ഷേത്രം ഗിന്നസ് റെക്കോർഡിട്ടത്.
2022ൽ അയോധ്യ രാമക്ഷേത്രത്തിൽ 17 ലക്ഷം ദീപങ്ങൾ തെളിയിച്ചു. കഴിഞ്ഞ വർഷത്തെ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു വിശിഷ്ടാതിഥി. രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് അയോധ്യയിൽ ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾ എന്നത് പ്രത്യേകതയാണ്.









Discussion about this post