ഇടുക്കി: വ്യാജ പോക്‌സോ കേസിൽപ്പെട്ട് 19 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ നീതി. 15 വയസുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് ഇടുക്കി പോക്‌സോ കോടതി കണ്ടെത്തി.
പോലീസിനെതിരെ സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ കേസിന് പകരം വീട്ടാനാണ് 15 കാരിയെ ഉപയോഗിച്ചുള്ള പോക്‌സോ കള്ളക്കേസ് എന്ന് കോടതി നിരീക്ഷിച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയത്. പോലീസിനെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. എന്തിനുവേണ്ടിയാണോ പോലീസിനെ സമൂഹം നിയോഗിച്ചിരിക്കുന്നത് അതിന് വിരുദ്ധമായ പെരുമാറ്റമാണ് പോലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് സ്പെഷ്യൽ ജഡ്ജി ടിജി വർഗീസ് വിധിന്യായത്തിൽ നിരീക്ഷിച്ചു.
ഉദ്യോഗസ്ഥൻ ഉറക്കെ പാട്ടുവെക്കുന്നതുകൊണ്ട് തനിക്ക് പഠിക്കാനാകുന്നില്ലെന്ന പെൺകുട്ടിയുടെ പരാതിയെത്തുടർന്നുണ്ടായ സംഭവങ്ങളാണ് കേസിലേക്കുനയിച്ചത്.2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയോടും 64 വയസ്സുള്ള മുത്തശ്ശിയോടും ലൈംഗികാഭ്യർഥന നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ഇയാൾക്കെതിരെയുണ്ടായ പരാതി. തുടർന്ന് ഇയാൾക്കെതിരേ പോക്സോ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തനിക്കെതിരെയുണ്ടായ പരാതി വ്യാജമാണെന്ന് ഉദ്യോഗസ്ഥൻ കോടതിയിൽ വാദിച്ചു.
പെൺകുട്ടി നൽകിയ പരാതിയിൽ ഉദ്യോഗസ്ഥനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പ്രശ്നം പറഞ്ഞുതീർക്കുന്നതിനിടെ പോലീസുകാരും ഉദ്യോഗസ്ഥനും തമ്മിൽ കൈയാങ്കളിയുണ്ടായിരുന്നു. തുടർന്ന് ഇദ്ദേഹവും ഭാര്യയും ആശുപത്രിയിൽ ചികിത്സതേടി, പൊലീസ് മർദിച്ചതിനെതിരേ കോടതിയെ സമീപിക്കുകയുംചെയ്തു. തന്നെ മർദിച്ചെന്ന സിപിഒയുടെ പരാതിയിൽ ഉദ്യോഗസ്ഥനെതിരേ കാഞ്ഞാർ പോലീസ് കേസ് രജിസ്റ്റർചെയ്തു. ഇതിനുശേഷം പോക്സോകേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Discussion about this post