ചെന്നൈ: വിവിധ കേസുകളിൽ കസ്റ്റഡിയിലെടുക്കുന്ന ഉദ്യോഗസ്ഥരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ അനുവാദം നൽകി തമിഴ്‌നാട് സർക്കാർ. നിലവിൽ സസ്‌പെൻഷനിൽ കഴിയുന്ന അംബാസമുദ്രം മുൻ എഎസ്പി ബൽവീർ സിംഗിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി നൽകിയത്.
കട്ടിംഗ് പ്ലയർ ഉപയോഗിച്ച് പല്ലുകൾ പറിച്ചെടുക്കുക വായിൽ കല്ലുകൾ നിറച്ച് കവിളത്തടിക്കുക ജനനേന്ദ്രിയത്തിൽ മർദ്ദിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് കസ്റ്റഡി പീഡന കേസിൽ അരങ്ങേറിയത്.പ്രതികളുടെ നിലവിളി പുറത്തുകേൾക്കാതിരിക്കാനാണ് വായിൽ കല്ലുതിരുകിയിരുന്നത്. 2020 ബാച്ച് ഐപിഎസ് ഓഫീസറായ ബൽവീർ സിംഗ് അംബാസമുദ്രം സബ് ഡിവിഷനിൽ എഎസ്പി ആയിരുന്ന കാലത്തായിരുന്നു കേസിന് ആസ്പദമായ കസ്റ്റഡി പീഡനം നടത്തിയത്.
നിരവധി പേർ ക്രൂരതയ്ക്ക് ഇരയാങ്കിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഭയന്ന് ബൽവീർ സിംഗിനെതിരെ പരാതി നൽകാൻ ആരും തയ്യാറായിരുന്നില്ല, എന്നാൽ ഇക്കഴിഞ്ഞ മാർച്ചിൽ ബൽവീർ സിംഗിന്റെയും കൂട്ടാളികളായ മറ്റുപോലീസുകാരുടെയും കൊടുംക്രൂരതകൾ പുറത്തുവന്നു.
ഇതേക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിനുശേഷം മുഖ്യമന്ത്രി സ്റ്റാലിൻ ബൽവീർ സിംഗിനെ സസ്‌പെൻഡുചെയ്യുകയായിരുന്നു. പതിനഞ്ചോളം പേരാണ് പരാതിയുമായി രംഗത്തെത്തിയത്. കേസിൽ തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി വലിയ വിമർശനം ഉയർന്നിരുന്നു.
ബൽവീർ സിംഗിനെതിരെ നിലവിൽ നാലുകേസുകളാണ് ഉള്ളത്. നാലിലും തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പൂർത്തിയായി. ഉടൻ കുറ്റപത്രം സമർപ്പിക്കും. അന്വേഷണത്തിൽ പീഡനത്തിനിരയായ പന്ത്രണ്ടോളം പേരുടെ മൊഴികളും ശാസ്ത്രീയ പരിശോധനകളും പൂർത്തിയായിട്ടുണ്ട്.
Discussion about this post