ബംഗലൂരു: ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ രാജ്യത്തിന് ദീപാവലി സമ്മാനമായി ബംഗലൂരുവിൽ ബാറ്റിംഗ് വെടിക്കെട്ട് തീർത്ത് ടീം ഇന്ത്യ. നെതർലൻഡ്‌സിനെതിരായ മത്സരത്തിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയത്. നാല് വിക്കറ്റ് നഷ്ടത്തിൽ 410 റൺസായിരുന്നു ഇന്ത്യയുടെ സ്‌കോർ. നെതർലാൻഡ്‌സിന്റെ മറുപടി 250 റൺസിലൊതുങ്ങിയതോടെ 160 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മദ്ധ്യനിരയിൽ കെഎൽ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ നൽകിയത്. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും വിരാട് കൊഹ്ലിയും അർദ്ധസെഞ്ചുറികളുമായി ബാറ്റിംഗ് നിരയുടെ കരുത്തറിയിച്ചു.
94 പന്തിൽ നിന്നാണ് ശ്രേയസ് അയ്യർ പുറത്താകാതെ 128 റൺസെടുത്തത്. കെഎൽ രാഹുൽ 64 പന്തിൽ നിന്ന്് 102 റൺസെടുത്തു. രോഹിത് ശർമ്മ (64), ശുഭ്മാൻ ഗിൽ (51), വിരാട് കൊഹ്ലി (51) റൺസുമെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്‌സിന് വേണ്ടി തേജ നിതമാനുരു 54 റൺസ് നേടി. സിബ്രാൻഡ് ഏഞ്ചൽബ്രെട്ട് (45), കോലിൻ അക്കർമാൻ (35) തുടങ്ങിയവരും ഭേദപ്പെട്ട പ്രകടനം നടത്തി.
2003 ൽ കുറിച്ച തുടർച്ചയായ എട്ട് വിജയങ്ങളെന്ന റെക്കോഡ് കൂടി ഇന്ത്യ ഈ വിജയത്തോടെ തിരുത്തി കുറിച്ചു. 9 മത്സരങ്ങളിൽ നിന്നായി 18 പോയിന്റുകളാണ് ഇന്ത്യയ്ക്കുളളത്. ബുധനാഴ്ച സെമിഫൈനൽ മത്സരത്തിൽ ന്യൂസിലൻഡ് ആണ് എതിരാളികൾ.
Discussion about this post