ബ്രിട്ടൻ; ദീപാവലി ദിനത്തിൽ ലണ്ടനിലെ സ്വാമി നാരായൺ ക്ഷേത്രത്തിൽ ദർശനം നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ക്ഷേത്ര സമുച്ചയത്തിൽ ഇന്ത്യൻ പ്രവാസികളെ ജയശങ്കർ അഭിസംബോധന ചെയ്തു. “എല്ലാവർക്കും ശുഭ് ദീപാവലി. ഇത്തരമൊരു ശുഭകരമായ അവസരത്തിൽ നമ്മുടെ സ്വന്തം ആളുകളുടെ കൂടെ ആഘോഷം പങ്കിടുവാൻ കഴിയുന്നതിനേക്കാൾ സന്തോഷം മറ്റൊന്നില്ല. ലണ്ടൻ സന്ദർശനത്തിനാണ് ഞാൻ ഇവിടെ എത്തിയത്. ദീപാവലി ദിവസത്തിൽ സമൂഹത്തിലെ അംഗങ്ങൾക്കൊപ്പം ആഘോഷിക്കാൻ അവസരം വേണമെന്നത് ഞാൻ ആവശ്യപ്പെട്ടിരുന്നു, അത് സ്വാഭാവികമായ ആവശ്യമായിരുന്നു, ജയശങ്കർ പറഞ്ഞു.
“ഇന്ത്യ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ്. നേതൃത്വമുണ്ട്. ദർശനമുണ്ട്. നല്ല ഭരണമുണ്ട്.”ജയശങ്കർ വ്യക്തമാക്കി. യുകെയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലുള്ള മോദി സർക്കാരിൻറെ ശ്രമങ്ങളെ ജയശങ്കർ ഉയർത്തിക്കാട്ടി. വളരെ വലിയ പർവർത്തനമാണ് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് നാൾക്കു നാൾ സംഭവിക്കുന്നത്. ഇന്ത്യയെ കുറിച്ചുള്ള ആഗോള ധാരണകൾ പോലും മാറി മറിയുകയാണ്, അദ്ദേഹം പറഞ്ഞു.
“ഭാരതത്തിന്റെ പ്രതിച്ഛായ എത്രമാത്രം മാറിയിരിക്കുന്നു എന്നതിന്റെ ഒരു തെളിവാണ് നമ്മളെല്ലാവരും ഇങ്ങനെ ഈ ദിനത്തിൽ ഒരുമിച്ച് കൂടിയത്. നമ്മുടെ ആഘോഷവേളയിലെ ഇത്തരം കൂടിചേരലുകളും ഭാരതത്തിൻറെ പ്രതിച്ഛായയെ ഉയർത്തുന്നുണ്ട്. ദൈനം ദിന ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും രാജ്യത്തിൻറെ പ്രതിച്ഛായയുടെ ഭാഗമാണ്, ജയശങ്കർ പറഞ്ഞു.
ഇന്ത്യ ആതിഥ്യമരുളി വിജയകരമായി നടത്തിയ ജി 20 പ്രസിഡൻസിയും അതിവേഗം വളരുന്ന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഡൗണിംഗ് സ്ട്രീറ്റിൽ ജയ്ശങ്കറിനും ഭാര്യ ക്യോക്കോ ജയ്ശങ്കറിനും ദീപാവലിയോടനുബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിരുന്നൊരുക്കിയിരുന്നു. ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി സുനക്കിനും ഭാര്യ അക്ഷതാ മൂർത്തിക്കും അദ്ദേഹം നന്ദി പറഞ്ഞു.
Discussion about this post