റായ്പൂർ :ഛത്തീസ്ഗഢിൽ വികസനത്തിന് പ്രാധാന്യം നൽകുമെന്ന് പറഞ്ഞു അധികാരത്തിൽ എത്തിയ കോൺഗ്രസ് സർക്കാർ അഴിമതിയ്ക്കാണ് പ്രാധാന്യം നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സംസ്ഥാനത്തെ ജനങ്ങൾക്ക് ഇനി കോൺഗ്രസിനെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിലെ മുംഗേലിയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ജനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഛത്തീസ്ഗഢിൽ ജനക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിൽ കോൺഗ്രസ് പൂർണ പരാജയമായിരുന്നു. കോൺഗ്രസ് ഭരിച്ച അഞ്ചുവർഷം ജനങ്ങളെ കൊള്ളയടിച്ചു. സംസ്ഥാനത്ത് വികസനങ്ങൾ നടപ്പിലാക്കിയില്ല.കോൺഗ്രസിന് സംസ്ഥാനത്ത് നിന്ന് വിടവാങ്ങാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മഹാദേവ് ബെറ്റിംഗ് ആപ്പ് അഴിമതിയിൽ കോൺഗ്രസിന് നേരിട്ട് പങ്കുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു.മഹാദേവ് ബെറ്റിംഗ് ആപ്പിലൂടെ 508 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ അടുത്ത സഹായി ജയിലിലാണിപ്പോൾ.ഇതിൽ മുഖ്യമന്ത്രിക്ക് എത്ര പണം ലഭിച്ചു, പാർട്ടിയിലെ മറ്റ് നേതാക്കൾക്ക് എത്ര പണം ലഭിച്ചു, ഡൽഹിയിൽ എത്ര പണം എത്തി ഇക്കാര്യങ്ങളെല്ലാം കോൺഗ്രസ് വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബി.ജെ.പി അധികാരത്തിൽ എത്തിയാൽ സംസ്ഥാനത്ത് അതിവേഗ വികസനങ്ങൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ആദ്യം തന്നെ സംസ്ഥാനത്തെ അഴിമതിക്കാർക്കെതിരെ നടപടിയെടുക്കും.യുവജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഢിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 20 സീറ്റുകളുടെ ആദ്യ ഘട്ടം വോട്ടെടുപ്പ് നവംബർ 7 ന് നടന്നു. ബാക്കിയുള്ള 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17 നാണ് നടക്കുക .
Discussion about this post