ന്യൂഡൽഹി: ചൈന- പാകിസ്താൻ നാവികാഭ്യാസത്തിന്റെ പശ്ചാത്തലത്തിൽ, മുൻനിര ചൈനീസ് യുദ്ധക്കപ്പലുകളും അന്തർവാഹിനിയും പാകിസ്താനിലെ കറാച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
അടുത്തയിടെ ആഫ്രിക്കയിലെ ജിബൂട്ടിയിൽ ചൈന നാവിക ബേസ് നിർമ്മിച്ചിരുന്നു. കൂടാതെ, പാകിസ്താൻ നാവിക സേനക്ക് യുദ്ധസാമഗ്രികളും വിതരണം ചെയ്തിരുന്നു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കഴിഞ്ഞ വർഷം ചൈനീസ് നിരീക്ഷണ കപ്പലുകളുടെ സാന്നിധ്യം വർദ്ധിച്ചിരുന്നു. കൊളംബോ തുറമുഖത്ത് ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 കഴിഞ്ഞ മാസം നങ്കൂരമിട്ടിരുന്നു. ഈ സാഹചര്യം ഇന്ത്യ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു.
നിലവിൽ ചൈനയുടെ ടൈപ്പ് 039 ഡീസൽ- ഇലക്ട്രിക് അന്തർവാഹിനിയാണ് കറാച്ചി തുറമുഖത്ത് എത്തിയിരിക്കുന്നത്. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അതിവേഗ ആക്രമണ അന്തർവാഹിനികളും ചൈന ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിച്ചിട്ടുണ്ട് എന്നാണ് വിവരം. പാകിസ്താനിൽ നടക്കുന്ന നാവികാഭ്യാസത്തിൽ ഇവ ഔദ്യോഗികമായി പങ്കെടുക്കുന്നുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
ചൈനീസ് നാവിക യാനങ്ങളുടെ സംശയാസ്പദമായ നീക്കങ്ങൾ മലാക്ക കടലിടുക്ക് മുതൽ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട് എന്നാണ് വിവരം. ചൈനയിൽ നിന്നും എട്ട് ടൈപ്പ് 039 അന്തർവാഹിനികൾ വാങ്ങുന്നതിനായി 2015 ഏപ്രിൽ മാസത്തിൽ പാകിസ്താൻ 5 ബില്ല്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടിരുന്നു. സാമ്പത്തിക ഞെരുക്കം മൂലം ഇവ ഇതുവരെ കൈമാറിയിരുന്നില്ല. ഈ കരാർ പ്രകാരമുള്ള അന്തർവാഹിനിയാണോ കറാച്ചി തുറമുഖത്ത് എത്തിയിരിക്കുന്നത് എന്ന കാര്യത്തിലും സ്ഥിരീകരണമില്ല.
ടൈപ്പ് 926 ചൈനീസ് അന്തർവാഹിനികളും കറാച്ചി തുറമുഖത്തേക്ക് പുറപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. ആക്രമണ അന്തർവാഹിനികൾ അപകടത്തിൽ പെടുമ്പോൾ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നവയാണ് ഇവ.
ചൈനയുടെ ഊർജ്ജ, വാണിജ്യ, ആഭ്യന്തര ആവശ്യങ്ങൾക്കായി ഇന്ത്യൻ മഹാസമുദ്ര മേഖല ഉപയോഗിക്കാനുള്ള ശ്രമങ്ങൾ കാലാകാലങ്ങളായി നടക്കുന്നുണ്ട്. അത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണോ നിലവിലെ നീക്കം എന്നതാണ് ഇന്ത്യ പ്രധാനമായും പരിശോധിക്കുന്നത്.
ഏതായാലും പാകിസ്താൻ മേഖലയിലെ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം ഇന്ത്യ സൂക്ഷ്മമായി തന്നെ നിരീക്ഷിച്ചു വരികയാണ്. ഏത് നിമിഷവും മേഖലയിൽ എന്തും സംഭവിക്കാം എന്ന തരത്തിൽ ഇന്ത്യൻ സേനയും സജ്ജമാണെന്ന് നാവികസേന മേധാവി ആർ ഹരികുമാർ അറിയിച്ചിട്ടുണ്ട്. സമുദ്ര മേഖലയിലെ ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കാൻ പി-8 നിരീക്ഷണ വിമാനങ്ങളാണ് പ്രധാനമായും ഇന്ത്യൻ നാവികസേന ഉപയോഗിക്കുന്നത്.
സ്വതന്ത്രവും സുരക്ഷിതവും സുതാര്യവുമായ ഇന്ത്യ- പസഫിക് മേഖല എന്നത് തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് കഴിഞ്ഞ പ്രതിരോധ മന്ത്രിതല ഉച്ചകോടിയിൽ അമേരിക്ക ഇന്ത്യക്ക് ഉറപ്പ് നൽകിയിരുന്നു. മേഖലയിലെ ചൈനീസ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിൽ, ശ്രീലങ്കയിലെ കൊളംബോ തുറമുഖ ടെർമിനലിൽ 500 മില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനത്തെയും അമേരിക്ക സ്വാഗതം ചെയ്തിരുന്നു.
കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ പൊറുതി മുട്ടിയിരിക്കുന്ന ശ്രീലങ്കയിലെ സാമ്പത്തിക ബാധ്യതകൾ മുതലെടുത്ത്, ഹംബൻടോട്ട തുറമുഖം 99 വർഷത്തേക്ക് ചൈന വാടകക്ക് എടുത്തിരുന്നു. ഇവിടെ കഴിഞ്ഞ വർഷം ചൈനീസ് ഗവേഷണ കപ്പലായ യുവാൻ വാംഗ് 5 നങ്കൂരമിട്ടത് ഒഡിഷയിലെ അബ്ദുൾ കലാം ദ്വീപിൽ നിന്നുള്ള ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാനാണ് എന്ന ആരോപണങ്ങളും ശക്തമായിരുന്നു.
Discussion about this post