ബിജുലാൽ വി.കെ
ബർലിൻ: പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റം കാലങ്ങളായി യുറോപ്യൻ രാജ്യമായ ജർമ്മനിയ്ക്ക് പലതരത്തിലുള്ള ആഭ്യന്തരപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. രാജ്യത്തുനിന്നും അനധികൃത കുടിയേറ്റക്കാരെ പൂർണ്ണമായി നാടുകടത്താൻ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് രാജ്യം.
ഒരു രാഷ്ട്രീയ പ്രശ്നമായി തന്നെ കണക്കിലെടുത്ത് അനധികൃത കുടിയേറ്റം ഇല്ലാതാക്കാനാണ് ശ്രമം. ഇതിന്റെ ആദ്യപടിയായി പുതിയ അഭയാർഥി നിയമം ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. നാടുകടത്തൽ അടക്കമുള്ള നടപടികൾ പരിഷ്‌കരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും പാർലമെന്റിന്റെ അംഗീകാരത്തിനായി ചർച്ചയ്‌ക്കെടുക്കും. പുതിയ നിയമനിർമ്മാണത്തിന് ജർമ്മൻ ക്യാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകി.
ആഭ്യന്തര മന്ത്രി നാൻസി ഫൈസർ രണ്ടാഴ്ച മുമ്പാണ് പുതിയ നിയമം ആദ്യമായി പ്രഖ്യാപിച്ചത്. താമസിക്കാൻ അവകാശമില്ലാത്തവർ ഞങ്ങളുടെ രാജ്യം വിടണമെന്ന് ശക്തമായ ഭാഷയിൽ തന്നെ പുതിയ നിയമം പ്രഖ്യാപിച്ചുകൊണ്ട് നാൻസി ഫൈസർ ആവശ്യപ്പെട്ടു. കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾക്ക് ശുപാർശ ചെയ്യുന്ന നിയമം പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാലുടൻ നടപ്പിലാക്കാനാണ് സർക്കാറിന്റെ നീക്കം.
ജോലി-താമസ സ്ഥലങ്ങളിലടക്കം കയറിച്ചെന്ന് രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുമെന്നതാണ് പുതിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥ. പിടിക്കപ്പെടുന്നവരെ മുൻകൂട്ടി അറിയിക്കാതെ നാടുകടത്തുകയും ഗുരുതര കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുന്നതിന് പ്രത്യേക സൗകര്യമൊരുക്കുകയും ചെയ്യും.
ജർമ്മനിയിലെ നിലവിലുള്ള നിയമം അനുസരിച്ച് നാടുകടത്തലിനെകുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകണമെന്നാണ് ചട്ടം. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. പരിശോധനയിൽ പിടിക്കപ്പെടുന്നവരെ ചുരുങ്ങിയത് 28 ദിവസം തടവിലിട്ടതിന് ശേഷമേ നാടുകടത്തൂ. നിലവിൽ ഇത് 10 ദിവസം മാത്രമാണ്. കൂടാതെ കുടിയേറ്റക്കാരെ അനധികൃതമായി രാജ്യത്തേക്ക് കടത്തുന്നവർക്കും ജോലിയും താമസവും നൽകുന്നവർക്കും കടുത്ത ശിക്ഷനൽകുമെന്നും പുതിയ നിയമത്തിൽ പറയുന്നു.
പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്സർലൻഡ് എന്നിവയുമായുള്ള ജർമ്മനിയുടെ അതിർത്തികളിൽ ഇതിനോടകം തന്നെ ശക്തമായ പരിശോധന ആരംഭിച്ചു. കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമുള്ള ജർമ്മനിയുടെ അഭയകേന്ദ്രങ്ങൾ സമീപ മാസങ്ങളിൽ നിറഞ്ഞതും പുതിയ നിയമനിർമ്മാണത്തിന് സർക്കാരിനെ പ്രേരിപ്പിച്ച പ്രധാന ഘടകമാണ്. റഷ്യ ആക്രമണം ആരംഭിച്ചതുമുതൽ യുക്രെയ്‌നിൽ നിന്നും അഭയാർഥികളുടെ ഒഴുക്കാണ് ജർമ്മനിയിലേയ്ക്കുണ്ടായത്. ഒരുദശലക്ഷത്തിലധികം യുക്രെയ്ൻ പൗരൻമാർക്ക് തങ്ങൾ അഭയം നൽകിയെന്ന് ജർമ്മൻ സർക്കാർ പറയുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈവർഷം 27% കൂടുതൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയെന്നാണ് ജർമ്മൻ സർക്കാരിന്റെ അവകാശവാദം. കുടിയേറ്റക്കാരുടെ മാതൃരാജ്യങ്ങളുടെ സഹകരണമില്ലാതെ പുതിയ നിയമം എങ്ങിനെ പ്രാവർത്തികമാക്കാൻ സാധിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ മാതൃരാജ്യങ്ങളുമായി പുതിയ കരാറുകൾ ഉണ്ടാക്കി പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നാണ് സർക്കാരിന്റെ മറുപടി.
വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം രാജ്യത്ത് രൂക്ഷമാണെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്ന സാഹചര്യത്തിൽ തന്നെയാണ് ജർമ്മനിയുടെ കടുത്ത നടപടിയെന്നതും ശ്രദ്ധേയമാണ്. ജർമ്മനിയിൽ തൊഴിലാളികളുടെ ക്ഷാമം എക്കാലത്തെയും ഉയർന്ന നിലയിലാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു.
Discussion about this post