പത്തനംതിട്ട: മണ്ഡലകാലങ്ങളിൽ തുടർച്ചയായി സൂപ്പർ ഹിറ്റ് അയ്യപ്പ ഭക്തിഗാനങ്ങൾ ഒരുക്കി ആബാലവൃദ്ധം ഭക്തജനങ്ങളുടെ അഭിനന്ദനങ്ങൾക്ക് പാത്രമാകാറുള്ള ഗായകനും സംഗീത സംവിധായകനുമാണ് എം ജി ശ്രീകുമാർ. ‘കണ്ണോളം കണ്ടത് പോരാ, അങ്ങകലെ മലമേലെ, ഉദയചന്ദ്രികേ, ആരാണയ്യപ്പൻ പൊന്നേ ആരാണയപ്പൻ, സാമവേദം നാവിലുണർത്തിയ സ്വാമിയേ, പൊന്നുപമ്പയിൽ പ്രണവരൂപനായ്, തുടങ്ങി അനേകം ഹിറ്റ് അയ്യപ്പ ഭക്തിഗാനങ്ങൾ അദ്ദേഹം മണ്ഡലകാലങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. വരുന്ന മണ്ഡലകാലത്തിന് മുന്നോടിയായി, ശബരിമലയുമായി ബന്ധപ്പെട്ട് തനിക്ക് ഉണ്ടായ ഒരു അനുഭവം സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് എം ജി ശ്രീകുമാർ.
ജാതിക്കും മതത്തിനും അതീതമായി ആർക്കും പോകാനും അർച്ചനയും പൂജയും നടത്താനും അനുവാദമുള്ള ക്ഷേത്രമാണ് ശബരിമല. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും അയ്യപ്പന്റെ അനുഗ്രഹമാണ്. ശബരിമല പോയി വരുന്നത് വലിയ സംതൃപ്തിയാണെന്നും അദ്ദേഹം പറയുന്നു.
മലകയറ്റം കഠിനമാണെങ്കിലും ഓരോ തവണ പോയി വരുമ്പോഴും അടുത്ത മണ്ഡലകാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. 22 തവണയിൽ കൂടുതൽ ശബരിമല ദർശനം നടത്തിയിട്ടുണ്ടെന്നും എം ജി ശ്രീകുമാർ പറയുന്നു.
അത്തരത്തിൽ ഒരിക്കൽ ശബരിമലയിൽ പോയി ഭജന പാടി തിരികെ മല ഇറങ്ങവേ ഒരു ചെറിയ മുണ്ട് മാത്രം ധരിച്ച എൺപത് വയസോളം പ്രായമുള്ള ഒരു സ്വാമിയെ കണ്ടു. വളരെ പ്രായസപ്പെട്ട് മല കയറാൻ ശ്രമിക്കുന്ന അദ്ദേഹത്തെ, തന്റെ കൂടെ വന്നവരുടെ സഹായത്തോടെ എടുത്തുകൊണ്ട് പോയി. ഏറെ ബുദ്ധിമുട്ടി അദ്ദേഹത്തെ ഒരിടത്ത് കൊണ്ട് പോയി ഇരുത്തിയ ശേഷം ചായ വാങ്ങാൻ പോയി.
തിരികെ വന്നപ്പോൾ വൃദ്ധ സ്വമിയെ അവിടെ എങ്ങും കണ്ടില്ല. ഇക്കാര്യം പോലീസിനെ അറിയിച്ച ശേഷം തങ്ങൾ യാത്ര തുടർന്നു. ഇത് അയ്യപ്പന്റെ അനുഗ്രഹമാണോ അല്ലയോ എന്ന് ആധികാരികമായി പറയാൻ താൻ ആളല്ല. അടുത്ത വർഷം തനിക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചുവെന്ന് എം ജി ശ്രീകുമാർ പറയുന്നു.
അയ്യപ്പൻ എന്നത് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന മഹാശക്തിയാണ്. ഭക്തിഗാനങ്ങൾ പാടുമ്പോൾ മനസ് ആർദ്രമാകുന്നതിന്റെ പ്രതിഫലനമാണ് അത് ആളുകൾ ഏറ്റെടുക്കുന്നത്. ഇതെല്ലാം അയ്യപ്പന്റെ അനുഗ്രഹമാണ്. ഒന്നും തന്റെ കഴിവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Discussion about this post