ന്യൂഡൽഹി: ഇന്ത്യൻ ഹോസ്പിറ്റാലിറ്റി രംഗത്തിന്റെ മുഖച്ഛായ മാറ്റിയ വ്യവസായ പ്രമുഖനും ഒബ്രോയ് ഗ്രൂപ്പ് ചെയർമാൻ എമറിറ്റസുമായ പൃഥ്വിരാജ് സിംഗ് ഒബ്രോയ് അന്തരിച്ചു. ഇന്ത്യയിലെയും വിദേശത്തെയും ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഒബ്രോയ് ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4.00 മണിക്ക് ഭഗ്വന്തിയിലെ ഒബ്രോയ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഒബ്രോയ് ഫാമിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.
ഒബ്രോയ് ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ ഇ ഐ എച്ച് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ആയിരുന്നു പൃഥ്വിരാജ് സിംഗ് ഒബ്രോയ്. ഇ ഐ എച്ച് ലിമിറ്റഡിന്റെ പ്രധാന ഷെയർ ഹോൾഡറായ ഒബ്രോയ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും അദ്ദേഹമായിരുന്നു.
പ്രമുഖ നഗരങ്ങളിൽ ഒബ്രോയ് ഹോട്ടലുകൾ സ്ഥാപിച്ച് അന്താരാഷ്ട്ര ആഡംബര ഹോട്ടൽ ഭൂപടത്തിൽ ഇന്ത്യക്ക് സുപ്രധാന സ്ഥാനം നൽകിയ വ്യക്തിയാണ് പി ആർ എസ് ഒബ്രോയ്. ഒബ്രോയ് ഗ്രൂപ്പ് സ്ഥാപകൻ റായ് ബഹാദൂർ എം എസ് ഒബ്രോയിയുടെ മകനായി 1929 ഫെബ്രുവരി 3നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇന്ത്യയിലും യുകെയിലും സ്വിറ്റ്സർലൻഡിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഏതൊരു സ്ഥാപനത്തിന്റെയും ഏറ്റവും അമൂല്യമായ സമ്പത്ത് ജനങ്ങളാണ് എന്ന് വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു പി ആർ എസ് ഒബ്രോയ്. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് രംഗത്ത് ഗുണനിലവാരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വ്യവസായിയായിരുന്നു അദ്ദേഹം. 2008ൽ രാജ്യം അദ്ദേഹത്തെ പദ്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു. നിരവധി ദേശീയ- അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Discussion about this post