ചെന്നൈ: ദീപാവലിയാഘോഷിക്കുന്ന സിനിമ താരങ്ങളടക്കമുള്ള പ്രമുഖര്‍ പങ്ക് വയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. വളരെ ആകാംക്ഷയോടെയാണ് ഈ ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. ഇത്തവണയും അത്തരം നിരവധി ചിത്രങ്ങള്‍ വന്നപ്പോള്‍ ആരാധകരെ ഈറനണിയിച്ച ഒരു ചിത്രവും അതിനൊപ്പമുണ്ടായിരുന്നു. തമിഴിലെ പ്രശസ്ത നടന്‍ വിജയകാന്തിന്റെ ദീപാവലി ആഘോഷ ചിത്രം കണ്ടാണ് ആരാധകര്‍ ഞെട്ടിയത്. ഭാര്യയോടും രണ്ട് ആണ്‍ മക്കളോടും ഒപ്പം ദീപാവലി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രമാണ് വിജയകാന്തിന്റെ സോഷ്യല്‍ മീഡിയ അക്കൊണ്ട് വഴി പുറത്ത് വന്നത്.
രോഗാവസ്ഥയില്‍ വളരെയധികം മെലിഞ്ഞ് അവശവനായി ഇരിക്കുന്ന വിജയകാന്തിന്റെ ചിത്രമാണ് ഇപ്പോള്‍ കുടുംബം പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലിലെ മൂന്നു വിരലുകള്‍ മുറുച്ചു മാറ്റിയിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രമേഹം കൂടിയതിനാല്‍ ശരീരത്തിന്റെ വലതു ഭാഗത്തേക്ക് രക്തയോട്ടം കുറഞ്ഞതാണ് വിരലുകള്‍ മുറിച്ച് നീക്കാന്‍ കാരണമെന്ന് ആയിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും ശക്തമായ തിരിച്ചുവരവാകും ഉണ്ടാകുക എന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ സങ്കടപ്പെടുത്തുന്നതാണ് താരത്തിന്റെ പുതിയ ചിത്രം. തീരെ അവശനിലയില്‍ വിജയകാന്തിനെ കണ്ടതിന്റെ സങ്കടം മുഴുവന്‍ ആരാധകര്‍ ഈ ചിത്രത്തിന് താഴെ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്.
വെള്ളിത്തിരയില്‍ നിരവധി വിശേഷണങ്ങള്‍ ഉള്ള തമിഴിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടന്‍ വിജയകാന്ത്. പിന്നീട് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും ചുവട് മാറിയപ്പോഴും അദ്ദേഹം പ്രമുഖനായി തന്നെ തുടര്‍ന്നു. ഒരു കാലത്ത് ജയലളിതയ്ക്കും കരുണാനിധിയ്ക്കും എതിരെ ശബ്ദം ഉയര്‍ത്തിയിരുന്ന പ്രതിപക്ഷ നേതാവ് വരെ ആയിരുന്ന ഒരു രാഷ്ട്രീയക്കാരന്‍ കൂടെയായിരുന്നു അദ്ദേഹം. സിനിമയിലും രാഷ്ട്രീയത്തിലും എംജിആറിന്റെ പകരക്കാരന്‍ എന്നാണ് പലപ്പോഴും അണികള്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
രോഗത്തെ തുടര്‍ന്ന് ചികിത്സയിലായപ്പോള്‍ മുതല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് വിജയകാന്ത്. അരോഗ്യം വീണ്ടെടുത്ത് വീണ്ടും വെള്ളിത്തിരയിലേക്ക് എത്താന്‍ കഴിയട്ടെ എന്ന് ആരാധകര്‍ കമന്റുകളില്‍ ആശംസിക്കുന്നു.
Discussion about this post