മുംബൈ: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നവംബർ 15 ബുധനാഴ്ച ഉച്ചയ്ക്ക് 2.00 മണി മുതലാണ് മത്സരം. സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള വൻ താരനിരക്ക് മുന്നിലാകും ക്ലാസിക് സെമി ഫൈനൽ പോരാട്ടം.
മത്സരം കാണാൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമും ഉണ്ടാകും എന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡർ എന്ന നിലയിൽ ത്രിദിന സന്ദർശനത്തിന്റെ ഭാഗമായാണ് ബെക്കാം ഇന്ത്യയിൽ എത്തുന്നത്. മത്സരത്തിന് മുൻപ് സച്ചിനും ബെക്കാമും പങ്കെടുക്കുന്ന ഒരു ഹ്രസ്വ ചടങ്ങും മൈതാനത്ത് നടക്കും.
അതേസമയം ലീഗ് ഘട്ടത്തിലെ ഒൻപത് മത്സരങ്ങളും വിജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങൾ വിജയിച്ച് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായാണ് ന്യൂസിലൻഡിന്റെ വരവ്.
ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് അത്ര മികച്ച റെക്കോർഡ് അല്ല ഉള്ളത്. 2019 ലോകകപ്പ് സെമി ഉൾപ്പെടെ നോക്കൗട്ട് റൗണ്ടുകളിൽ പരസ്പരം ഏറ്റുമുറ്റിയപ്പോൾ മൂന്ന് തവണയും ജയം കിവികൾക്കൊപ്പം ആയിരുന്നു. എന്നാൽ നിലവിലെ ടൂർണമെന്റിൽ, ലീഗ് ഘട്ടത്തിൽ ധർമ്മശാലയിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ന്യൂസിലൻഡിനെതിരെ നാല് വിക്കറ്റിന്റെ ആധികാരിക ജയം നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.
Discussion about this post