പ്രായം കൂടുന്തോറും മുഖത്തുണ്ടാകുന്ന വ്യത്യാസങ്ങൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ വിഷമിപ്പിക്കുന്ന കാര്യമാണ്. മുഖത്തുണ്ടാകുന്ന ചുളിവുകൾ, വരൾച്ച, നിറം നഷ്ടപ്പെടൽ, കവിളുകൾ തൂങ്ങൽ എന്നിവയെല്ലാം നിങ്ങൾക്ക് കൂടുതൽ പ്രായം തോന്നിപ്പിക്കുന്നതാണ്.
ചർമ്മത്തിന്റെ വാർദ്ധക്യം ഉള്ളിൽ നിന്ന് ആരംഭിക്കുന്നതിനാൽ ഇത് തടയാനായി ആദ്യം ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ ഭക്ഷണമാണ് ചർമ്മത്തിന്റെ വാർദ്ധക്യം തടയുന്നതിനുള്ള പ്രധാന ഘടകം. അതോടൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കുക, സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷണം നൽകുക എന്നീ കാര്യങ്ങളും കൂടി ശ്രദ്ധിച്ചാൽ മുഖത്ത് എപ്പോഴും യൗവനം നിലനിർത്താം.
മുഖത്തെ മനോഹരമാക്കി നിലനിർത്തുന്നതിൽ പ്രധാന ഘടകം കൊളാജിൻ ആണ്. ചർമ്മത്തിന്റെ മധ്യ പാളിയിൽ ആണ് കൊളാജിൻ കാണപ്പെടുന്നത്. ഇത് ചർമ്മത്തിന്റെ പൂർണ്ണതയ്ക്കും മൃദുലത നിലനിർത്തുന്നതിനും സഹായിക്കുന്നു. പ്രായം കൂടുന്തോറും കൊളാജിൻ കുറയുന്നു. പക്ഷേ നല്ല ഭക്ഷണം കഴിക്കുന്നത് ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകുന്നതാണ്. അതിനായി നമ്മൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് കൊളാജിന്‍ വര്‍ദ്ധിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കുന്നതാണ്. സാൽമൺ, മത്തി, അയല, ചൂര എന്നിവ കഴിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കുന്നതാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളും ചർമ്മത്തിന്റെ ചെറുപ്പത്തിന് ഏറെ ആവശ്യമാണ്. സിട്രസ് പഴങ്ങൾ കഴിക്കുന്നത് വഴി വിറ്റാമിൻ സി ധാരാളം ലഭിക്കും. ചീര പോലെയുള്ള ഇലക്കറികൾ ശീലമാക്കുന്നതും കൊളാജിന്‍ വര്‍ധിപ്പിക്കാനും ചര്‍മ്മം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്നതാണ്.
തക്കാളി ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നതും ചർമ്മത്തെ മികച്ചതാക്കാൻ സഹായിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപിന്‍ കൊളാജിന്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ചര്‍മ്മത്തെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും. അതുപോലെതന്നെ മുട്ട, അണ്ടിപ്പരിപ്പ് വർഗ്ഗങ്ങൾ, അവക്കാഡോ, ഡാർക്ക് ചോക്ലേറ്റ് എന്നിവയും ചർമ്മത്തിന്റെ മൃദുത്വവും ദൃഢതയും നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
Discussion about this post