റായ്പൂർ: രാഹുൽ ഗാന്ധി മൂഢന്മാരുടെ തമ്പുരാനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വാസ്തവമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തീർച്ചയായും രാഹുൽ മൂഢന്മാരുടെ തമ്പുരാനാണ്. പ്രധാനമന്ത്രിയുടെ പ്രസ്താവന പുതിയ കാര്യമല്ലെന്ന് ശർമ്മ പറഞ്ഞു.
ഇക്കാര്യം ഇന്ത്യയിലെ ജനങ്ങൾക്കെല്ലാം അറിവുള്ളതാണ്. പാർലമെന്റിൽ രാഹുൽ പ്രധാനമന്ത്രിയെ സമീപിച്ച രീതി രാജ്യം കണ്ടതാണ്. സ്നേഹത്തെ കുറിച്ചും കടയെ കുറിച്ചുമൊക്കെയാണ് അയാൾ സംസാരിക്കുന്നത്. സ്നേഹവും കടയും തമ്മിൽ വല്ല ബന്ധവുമുണ്ടോ? ശർമ്മ ചോദിച്ചു.
മൊഹബത്ത് എന്നാൽ ശുദ്ധ സ്നേഹമെന്നും ദൂകാൻ എന്നാൽ വിൽക്കൽ വാങ്ങൽ നടക്കുന്ന സ്ഥലം എന്നുമാണ് അർത്ഥം. സ്നേഹം ഒരിക്കലും വിൽക്കാനോ വാങ്ങാനോ പറ്റുന്ന സാധനമല്ല. ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ആരോ എഴുതി കൊടുക്കുന്ന കാര്യങ്ങൾ വായിക്കുക മാത്രമാണ് രാഹുൽ ചെയ്യുന്നത്. താൻ ക്ഷോഭിക്കുന്ന യുവത്വമാണ് എന്ന് ആരെയൊക്കെയോ വിശ്വസിപ്പിക്കാൻ അയാൾ പെടാപ്പാട് പെടുകയാണ്. അതാണ് ഞാൻ പറഞ്ഞത്, പ്രധാനമന്ത്രി പറഞ്ഞ കാര്യം രാജ്യത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് എല്ലാവരുടെയും മനസ്സിലുള്ള കാര്യമാണ്. ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
ഇന്ത്യക്കാർ ഉപയോഗിക്കുന്ന ഫോണുകൾ എല്ലാം ചൈനയിൽ നിന്നും വരുന്നതാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കവെയാണ് പ്രധാനമന്ത്രി മൂഢന്മാരുടെ തമ്പുരാൻ എന്ന പ്രയോഗം നടത്തിയത്. കാലം മാറുന്നത് അറിയാത്ത രാഹുൽ മൂഢന്മാരുടെ തമ്പുരാനാണെന്നായിരുന്നു മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നടത്തിയ പരാമർശം.
Discussion about this post