പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ച് മണിയ്ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് നട തുറക്കുക. മണ്ഡലകാല തീർത്ഥാടനത്തിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മന്ത്രി അറിയിച്ചു. ജനുവരി 15നാണ് മകരവിളക്ക്.
അടുത്ത മാസം 27നാണ് മണ്ഡല പൂജ. അന്നേദിവസം വരെ പൂജകൾ ഉണ്ടാകും. അന്ന് രാത്രി 10 മണിയ്ക്ക് ഹരിവരാസനം പാടി നട അടയ്ക്കും. പിന്നീട് മകരവിളക്ക് തീർത്ഥാടനത്തിനായേ തുറക്കുകയുള്ളൂ. അടുത്ത മാസം 30 മുതലാണ് മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമാകുക. അന്ന് വൈകീട്ട് അഞ്ചിന് നട തുറക്കും.
അയ്യപ്പഭക്തരുടെ തീർത്ഥാടനം സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയിട്ടുള്ളതായി ദേവസ്വം മന്ത്രി വ്യക്തമാക്കി. മുന്നൊരുക്കുങ്ങൾ വിലയിരുത്തുന്നതിനായി ആറ് ഉന്നതതല യോഗങ്ങൾ ചേർന്നു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വീഡിയോ വാൾ സജ്ജമാക്കും. എല്ലാ പ്രധാന ഇടത്താവളങ്ങളിലും തീർത്ഥാടകർക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി.
മണ്ഡല തീർത്ഥാടനം ആരംഭിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ പമ്പ സ്‌പെഷ്യൽ കെഎസ്ആർടിസി സർവ്വീസുകൾ ആരംഭിക്കും. പമ്പ- നിലയ്ക്കൽ ചെയിൻ സർവ്വീസിന് 220 ബസുകൾ ഉണ്ടാകും.
Discussion about this post