മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനിടെ ആക്രമണം നടക്കുമെന്ന് അജ്ഞാതരുടെ ഭീഷണി. ട്വിറ്ററിന്റെ പുതിയ രൂപമായ എക്സിലാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. തോക്കിന്റെയും ഹാൻഡ് ഗ്രനേഡിന്റെയും ബുള്ളറ്റുകളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന സന്ദേശത്തിൽ മുംബൈ പോലീസിനെയും ടാഗ് ചെയ്തിട്ടുണ്ട്. മത്സരത്തിനിടെ തടസം നേരിടുമെന്നും സന്ദേശത്തിൽ പറയുന്നു.
ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വാംഖഡെ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. സുരക്ഷാ ഏജൻസികളും ശക്തമായ ജാഗ്രത പുലർത്തുന്നുണ്ട്. മത്സരം ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ, മുംബൈ നഗരത്തിൽ മിക്കയിടങ്ങളിലും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉച്ചയ്ക്ക് 2.00 മണി മുതലാണ് സെമി ഫൈനൽ മത്സരം ആരംഭിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമും മത്സരം കാണാൻ ഉണ്ടാകും. യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡർ എന്ന നിലയിൽ ത്രിദിന സന്ദർശനത്തിന്റെ ഭാഗമായാണ് ബെക്കാം ഇന്ത്യയിൽ എത്തിയിരിക്കുന്നത്. മത്സരത്തിന് മുൻപ് സച്ചിനും ബെക്കാമും പങ്കെടുക്കുന്ന ഒരു ഹ്രസ്വ ചടങ്ങും മൈതാനത്ത് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post