ഇടുക്കി: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയ്‌ക്കെതിരെ വ്യാജവാർത്ത നൽകിയതിൽ മാപ്പ് പറഞ്ഞ് സിപിഎം മുഖപത്രമായ ദേശാഭിമാനി. ഇന്ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് ഖേദപ്രകടനം. തനിക്കെതിരെ വ്യാജവാർത്ത നൽകിയതിൽ നിയമനടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പത്രം മാപ്പ് പറഞ്ഞ് തടിതപ്പിയത്.
ദാരിദ്ര്യത്തിൽ കഴിയുന്ന മറിയക്കുട്ടി അതിസമ്പന്നയാണെന്നും, ഇവരുടെ മകൾ പ്രിൻസി വിദേശത്താണെന്നുംമെല്ലാമായിരുന്നു ദേശാഭിമാനി വാർത്ത നൽകിയിരുന്നത്. മൺചട്ടിയുമായി ഭിക്ഷയാചിച്ച മറിയക്കുട്ടിയുടേത് നാടകം ആണെന്നായിരുന്നു പത്രത്തിന്റെ വാദം. മറിയക്കുട്ടിയ്ക്ക് സ്വന്തമായി ഏക്കറു കണക്കിന് ഭൂമിയുണ്ട്. ടൗണിൽ ലോട്ടറി വിൽപ്പന നടത്തി ഉപജീവനം നയിക്കുന്ന പ്രിൻസി വിദേശത്ത് ആണെന്നും പത്രം വാർത്ത നൽകിയിരുന്നു.
എന്നാൽ ഇത് കണ്ടതോടെ മറിയക്കുട്ടി തന്റെ പേരിൽ ഭൂമിയില്ലെന്ന് മന്നാംങ്കണ്ടം വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കേറ്റ് പുറത്തുവിട്ടു. ഇതോടെ ദേശാഭിമാനിയിലെ വാർത്ത കള്ളമാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി പ്രതികരിച്ചത്.
മറിയക്കുട്ടിയ്ക്ക് ഭൂമിയുണ്ടെന്നും മകൾ വിദേശത്താണെന്നുമുള്ള തരത്തിൽ വാർത്ത നൽകിയത് തെറ്റാണെന്ന് ദേശാഭിമാനിയുടെ ഖേദപ്രകടനത്തിൽ പറയുന്നു. തെറ്റായ വാർത്ത പ്രസിദ്ധീകരിക്കേണ്ടിവന്നതിൽ ഖേദം പ്രകടിപ്പിക്കുന്നു. മറിയക്കുട്ടിയ്ക്ക് പഴംമ്പള്ളിച്ചാലിൽ ഭൂമിയുണ്ടായിരുന്നു. എന്നാൽ ഇത് വർഷങ്ങൾക്ക് മുൻപ് വിറ്റിരുന്നുവെന്നും ഖേദപ്രകടനത്തോടൊപ്പമുള്ള വാർത്തയിൽ പറയുന്നു.
ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് മറിയക്കുട്ടി നടത്തിയ പ്രതിഷേധം സർക്കാരിനെതിരായ രൂക്ഷ വിമർശനങ്ങൾക്ക് കാരണം ആയിരുന്നു. ഇതേ തുടർന്ന് പ്രതിരോധത്തിലായ സർക്കാരും സിപിഎമ്മും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തയെ മറിയക്കുട്ടിയ്‌ക്കെതിരായ ആയുധം ആക്കുകയായിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ സൈബർ സഖാക്കൾ മറിയക്കുട്ടിയക്കുട്ടിയെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
Discussion about this post