ഇടുക്കി: വ്യാജവാർത്ത നൽകിയ സംഭവത്തിൽ ദേശാഭിമാനിയുടെ ഖേദപ്രകടനം തള്ളി മറിയക്കുട്ടി. പത്രത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മറിയക്കുട്ടി അറിയിച്ചു. തന്റെ ജീവിതമാണ് വ്യാജ വാർത്ത നൽകി പത്രം തകർത്തത് എന്നും മറിയക്കുട്ടി കൂട്ടിച്ചേർത്തു.
ഇത് എന്ത് ക്ഷമയാണ്. ഇവർ തന്നെയോ, താൻ ഇവരെയോ കണ്ടിട്ടില്ല. എന്നിട്ടാണ് പത്രത്തിൽ വാർത്ത നൽകിയത്. തനിക്ക് ഉണ്ടെന്ന് പ്രചരിപ്പിച്ച ഭൂമി കിട്ടണം. ഏക്കറു കണക്കിന് ഭൂമിയുണ്ടെന്ന് അല്ലെ പ്രചരിപ്പിച്ചത്. ഒരേക്കർ ഭൂമിയെങ്കിലും തനിക്ക് ലഭിക്കണം. നിരവധി പേരാണ് തനിക്ക് സഹായം വാഗ്ദാനം ചെയ്ത് എത്തിയത്. എന്നാൽ പത്രത്തിൽ വാർത്തവന്നതോടെ ഇതെല്ലാം ഇല്ലാതായെന്നും അതിനാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മറിയക്കുട്ടി വ്യക്തമാക്കി.
തനിക്കെതിരെ സൈബർ ആക്രമണം തുടരുകയാണ്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും. നാടു മുഴുവൻ പറഞ്ഞ് വഷളാക്കിയിട്ട് ക്ഷമ പറഞ്ഞിട്ട് കാര്യമില്ല. സഹായിക്കാനെത്തിയവർ വാർത്ത കണ്ട് പിന്തിരിഞ്ഞു. ഇതിന് സിപിഎം ന്യായം പറയണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു.
വ്യാജവാർത്തയിൽ നിയമനടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി രംഗത്ത് എത്തിയത്. വാർത്ത നൽകിയതിൽ തെറ്റ് പറ്റിയെന്നും, അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു പത്രത്തിന്റെ വിശദീകരണം.
Discussion about this post